അയോധ്യയിലെ ബിജെപി പരാജയം; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബിജെപി പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ ഗാന്ധി. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയില്‍ അയോധ്യയിലെ ഒരാളെപ്പോലും ക്ഷണിച്ചില്ല. അദാനിയും അംബാനിയും പങ്കെടുത്ത പ്രാണ പ്രതിഷ്ഠയില്‍ ഒരു സാധാരണക്കാരനെ പോലും കാണാന്‍ കഴിഞ്ഞില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയ്ക്ക് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു മോദി അവകാശപ്പെട്ടത്. എന്നാല്‍ സര്‍വേ ഫലത്തില്‍ തോല്‍വി മുന്നില്‍ കണ്ടിരുന്നു.

പരാജയപ്പെടുമെന്ന് ഉറപ്പായതിനാല്‍ മോദി മത്സരിച്ചില്ലെന്ന് പറഞ്ഞ രാഹുല്‍ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെങ്കില്‍ ബിജെപി എന്തുകൊണ്ട് അയോധ്യയില്‍ പരാജയപ്പെട്ടെന്നും ചോദിച്ചു. അയോധ്യയില്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിച്ചത് കര്‍ഷകരുടെ ഭൂമിയില്‍ ആയിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുത്ത അധികൃതര്‍ കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്നും രാഹുല്‍ ആരോപിച്ചു. ഗുജറാത്തില്‍ വിജയത്തിലൂടെ പുതിയ തുടക്കമിടുമെന്നും രാഹുല്‍ പറഞ്ഞു.