മൻമോഹൻ സിങ്ങിനെ ബിജെപി മനഃപൂർവം അപമാനിച്ചു, സംസ്കാര ചടങ്ങിലെ അപാകതകൾ ആയുധമാക്കി കോൺഗ്രസ്; ആരോപണങ്ങൾ ഇങ്ങനെ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ദേശിയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മറ്റുള്ള മന്ത്രിമാരും എഴുന്നേറ്റില്ല, ഡോക്ടർ മൻമോഹൻ സിങിന്റെ കുടുംബത്തിന് ഇരിക്കാൻ കൊടുത്തത് മൂന്ന് കസേരകൾ മാത്രമാണ്, ഉൾപ്പടെ ഉള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“ദൂരദർശന് മാത്രമായിരുന്നു സംസ്‌കാര ചടങ്ങളുകൾ ചിത്രീകരിക്കാനുള്ള അനുമതി. മൻമോഹൻ സിങിന്റെ കുടുംബത്തിന് പകരം അമിത് ഷായെയും മോദിയെയുമാണ് ദൂരദർശൻ കൂടുതൽ ഫോക്കസ് ചെയ്തത്. മൂന്ന് കസേരകൾ മാത്രമേ കുടുംബത്തിന് ഇരിക്കാൻ അനുവദിച്ചുള്ളു. ബാക്കിയുള്ളവ കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് നൽകിയത്. പതാക കൈമാറുന്ന സമയത്ത് പ്രധാനമത്രിയും മന്ത്രിമാരും എഴുന്നേറ്റ് പോലുമില്ല. ഭൂട്ടാൻ രാജാവ് വരെ ആ സമയത്ത് എഴുനേറ്റു.”

ബോധപൂർവമായ ശ്രമത്തിലൂടെ മൻമോഹൻ സിങിനെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പല കാര്യങ്ങളും നടന്നു എന്നാണ് കോൺഗ്രസ് ആരോപിക്കുണ്ട്. മൻമോഹൻ സിങിന്റെ കൊച്ചുമകൾക്ക് ചിതയ്ക്കരികിൽ എത്താൻ സ്ഥലത്തിനായി നെട്ടോട്ടമോടേണ്ടി വന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അർഹമായ ബഹുമാനം നൽകിയില്ല തുടങ്ങിയ ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്.

അതേസമയം നിഗംബോധ്ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. യമുനാ തീരത്താണ് മൻമോഹൻ സിംഗിന് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവർ നിഗംബോധ് ഘട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ നേതൃത്വത്തിലാണ് സൈന്യം മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദർശനം പൂർത്തിയാക്കി വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് സൈനിക ട്രക്കിൽ മൃതദേഹം എത്തിച്ചത്.

രാവിലെ മൻമോഹൻ സിങിൻറെ വസതിയിൽ നിന്നാണ് എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം എത്തിച്ചത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കെസി വേണുഗോപാൽ, സിദ്ധരാമയ്യ, പ്രിയങ്ക ഗാന്ധി, ഡികെ ശിവകുമാർ മറ്റു കേന്ദ്ര നേതാക്കൾ, എംപിമാർ, കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ഡൽഹിയിൽ എയിംസിൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മൻമോഹൻ സിംഗിൻ്റെ അന്ത്യം. ആരോഗ്യ നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചത്.