ബിജെപി ഭീകരവാദികളുടെ പാര്‍ട്ടി; പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന് ഖാര്‍ഗെ

കോണ്‍ഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലകാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. കോണ്‍ഗ്രസ് അര്‍ബന് നക്‌സലുകളുടെ പാര്‍ട്ടിയാണെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ബിജെപി ഭീകരവാദികളുടെ പാര്‍ട്ടിയെന്ന ആരോപണവുമായി ഖാര്‍ഗെ രംഗത്തെത്തിയത്.

പുരോഗമന ചിന്താഗതിയുള്ളവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിക്കുന്നത് പ്രധാനമന്ത്രിയുടെ ശീലമാണ്. എന്നാല്‍ മോദിയുടെ പാര്‍ട്ടി ഭീകരവാദികളുടെ പാര്‍ട്ടിയാണ്. അവര്‍ ആള്‍ക്കൂട്ട ആക്രമണം നടത്തുന്നു. ജനങ്ങളെ മര്‍ദ്ദിക്കുന്നു. പട്ടിക വിഭാഗത്തില്‍പ്പെട്ടവരുടെ വായില്‍ മൂത്രമൊഴിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു.

ഗോത്ര വിഭാഗത്തില്‍പ്പെട്ടവരെ ബലാത്സംഗം ചെയ്യുന്നു. ഇതെല്ലാം ചെയ്യുന്നവരെ അവര്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നിട്ട് അവര്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. പ്രധാനമന്ത്രിയ്ക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ല. പട്ടിക-ഗോത്ര വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ അരങ്ങേറുന്നു.

ഇതിനിടെയാണ് മോദി അതിക്രമങ്ങളെ കുറിച്ച് സംസാരിക്കുന്നത്. നിങ്ങളുടെ സര്‍ക്കാരല്ലേ ഭരിക്കുന്നത്. നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലേയെന്നും ഖാര്‍ഗെ ചോദിക്കുന്നു. മഹാരാഷ്ട്രയിലെ വാഷിമില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ആയിരുന്നു മോദി കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.