മോദി വാരാണസിയില്‍, അമിത് ഷാ ഗാന്ധിനഗറില്‍; തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍; തൃശൂരില്‍ സുരേഷ് ഗോപി; 195 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നും കേന്ദ്രമന്ത്രി അമിത്ഷാ ഗാന്ധിനഗറില്‍ നിന്നും ജനവിധി തേടും. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും പട്ടികയിലുണ്ട്. പട്ടികയില്‍ 47 യുവാക്കളും 28 വനിതകളും ഇടം പിടിച്ചു.

കേരളത്തില്‍ 12 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. നൈപുണ്യവികസന സംരംഭകത്വം, ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

ബിജെപിയുടെ ദേശീയ വക്താവായും എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ 2018 വരെ കര്‍ണ്ണാടകയെ പ്രതിനിധീകരിച്ച് സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2018ല്‍ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യ ടുഡേ മാഗസിന്‍ 2017 ല്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 41-ാം സ്ഥാനം രാജീവ് ചന്ദ്രശേഖറിനായിരുന്നു.

1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് ജനനം. മാതാപിതാക്കള്‍ മലയാളികളാണ്. ഇന്‍ഡ്യന്‍ എയര്‍ഫോഴ്സിലെ എയര്‍ കമ്മഡോര്‍ ആയിരുന്ന തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയായ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകനാണ് രാജീവ് ചന്ദ്രശേഖര്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി.

ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് അഡ്വാന്‍സ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1991 ല്‍ വിവാഹിതനായി. ബിപിഎല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ബംഗളൂരുവിലെ കോറമംഗലയിലെ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ. ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. 2013 ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. വണ്ണത്താന്‍വീട്ടില്‍ ഗോപാലന്റെയും നാമ്പള്ളി വെള്ളാംവെള്ളി ദേവകിഅമ്മയുടെയും മകനായി 1958 ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എരഞ്ഞോളിയിലാണ് വെള്ളാംവെള്ളി മുരളീധരന്‍ എന്ന വി.മുരളീധരന്‍ ജനിച്ചത്. വിദ്യാര്‍ത്ഥി കാലം മുതല്‍ നിരവധി സമരപോരാട്ടങ്ങളിലൂടെ വളര്‍ന്നു വന്ന നേതാവാണ് മുരളീധരന്‍.

തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ തന്നെ എബിവിപിയുമായി അടുത്ത ബന്ധം പുലര്‍ത്തി. അടിയന്തിരാവസ്ഥകാലത്താണ് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്. 1978 ല്‍ എബിവിപി തലശ്ശേരി താലൂക്ക് പ്രസിഡന്റ്, 79ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, 80ല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ല്‍ സംസ്ഥാന സംഘടനാ സെക്രട്ടറി, 1987 മുതല്‍ 1990 വരെ അഖിലേന്ത്യാ സെക്രട്ടറി, 1994 മുതല്‍ 1996 വരെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. 1998ല്‍ കോളജ് അധ്യാപികയായ ഡോ.കെ.എസ്. ജയശ്രീയെ വിവാഹം കഴിച്ചു. 1999 ല്‍ നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനും 2002-2004 കാലഘട്ടത്തില്‍ ഡയറക്ടര്‍ ജനറലുമായി.

2004 ല്‍ ബിജെപി എന്‍ജിഒ സെല്ലിന്റെ ദേശീയ കണ്‍വീനറായാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 2006 മുതല്‍ 2010 വരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയി. 2010 മുതല്‍ 2013 വരെയും 2013 മുതല്‍ 2015 വരെയും രണ്ടു വട്ടം സംസ്ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 2018 ല്‍ മഹാരാഷ്ട്രയില്‍ നിന്ന് പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 മെയ് മുതല്‍ അദ്ദേഹം കേന്ദ്ര വിദേശകാര്യവകുപ്പ്, പാര്‍ലമെന്ററികാര്യ വകുപ്പ് സഹമന്ത്രിയാണ്. രാജ്യസഭയിലെ സര്‍ക്കാര്‍ ഡെപ്യൂട്ടി ചീഫ് വിപ്പ് ആയും പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പത്തനംതിട്ടിയില്‍നിന്നുമാണ് ജനവിധി തേടുക. എം.ടി. രമേശ് കോഴിക്കോട് മത്സരിക്കും. ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നിന്നും പാലക്കാട് സി. കൃഷ്ണകുമാറും കണ്ണൂരില്‍ സി. രഘുനാഥും മത്സരിക്കും. വടകരയില്‍ പ്രഫുല്‍ കൃഷ്ണയെയും മലപ്പുറത്ത് ഡോ. അബ്ദുള്‍ സലാമും സ്ഥാനാര്‍ത്ഥികളാണ്. പൊന്നാനിയില്‍ മഹിള മോര്‍ച്ച നേതാവ് നിവേദിത സുബ്രഹ്മണ്യവും കാസര്‍ഗോഡ് എം.എല്‍. അശ്വനിയും ജനവിധി തേടും.