ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി തെരുവിലിറങ്ങി ഒസ്മാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍. ന്യൂ ഗോദാവരി ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലേഡ് ലഭിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മെസില്‍ വിളമ്പിയ കറിയില്‍ ബ്ലേഡ് കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ച് ബ്ലേഡ് ലഭിച്ച കറിപാത്രവുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആഹാരത്തില്‍ നിന്ന് ബ്ലേഡ് കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് വിളമ്പിയ കാബേജ് കറിയില്‍നിന്ന് പുഴുവിനെ ലഭിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
നേരത്തെ ഹോസ്റ്റലില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് മറ്റൊരു വിദ്യാര്‍ത്ഥിയ്ക്ക് ചില്ല് കഷ്ണങ്ങള്‍ ലഭിച്ചിരുന്നതായും ആരോപണമുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആവര്‍ത്തിക്കില്ലെന്ന് ജീവനക്കാര്‍ ഉറപ്പുതരാറുണ്ടെന്നും എന്നാല്‍ അവ പാലിയ്ക്കപ്പെടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
Read more
ഹോസ്റ്റലില്‍ 2500 മുതല്‍ 3,000 രൂപ വരെ തങ്ങളില്‍ നിന്ന് ഈടാക്കാറുണ്ട്. എന്നാല്‍ പരിഹാരം തേടി സര്‍വകലാശാലാ അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയിട്ടും പ്രശ്‌നം തുടരുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.