ഡൽഹി കലാപം 2020 എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ സ്ഥിരീകരിച്ചു. പുസ്തകത്തിന്റെ പ്രകാശനത്തിനായി ഇന്ന് നടക്കാനിരുന്ന ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പ്രസാധകരായ ബ്ലൂംസ്ബറി ഇന്ത്യ വ്യാപകമായ വിമർശനങ്ങൾ നേരിട്ടതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.
പരിപാടിയുടെ ക്ഷണക്കത്തിൽ ബി.ജെ.പിയുടെ കപിൽ മിശ്ര വിശിഷ്ടാതിഥികളിൽ ഒരാളായിരിക്കുമെന്ന് പറഞ്ഞിരുന്നതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാൽ തങ്ങളുടെ അറിവില്ലാതെ ബ്ലൂംസ്ബറിയുടെ ലോഗോ ഉപയോഗിച്ച് പുസ്തകത്തിന്റെ രചയിതാക്കൾ ആണ് ക്ഷണക്കത്ത് ഇറക്കിയത് എന്നാണ് പ്രസാധകർ നൽകുന്ന വിശദീകരണം.
ഫെബ്രുവരി 23- ന് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നാണ് 50- ഓളം പേർ കൊല്ലപ്പെട്ട ഡൽഹി കലാപം ഉണ്ടായത് എന്നതാണ് പരിപാടിക്കെതിരെ വിമർശനം ഉയരാൻ കാരണം. ഡൽഹി കലാപം 2020 (Delhi Riots 2020) എന്ന പുസ്തകം കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയുടെ സ്ഫോടനാത്മക വെളിപ്പെടുത്തലാണെന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്.
Read more
“ഞങ്ങൾക്ക് താത്പര്യമില്ലാത്ത കക്ഷികളുടെ പങ്കാളിത്തത്തോടെ, ഞങ്ങളുടെ അറിവില്ലാതെ പുസ്തകത്തിന്റെ രചയിതാക്കൾ സംഘടിപ്പിച്ച ഒരു വെർച്വൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ കണക്കിലെടുത്ത്,” പുസ്തകത്തിന്റെ പ്രസിദ്ധീകരണം പിൻവലിക്കുകയാണെന്ന് ബ്ലൂംസ്ബറി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.