ബോളിവുഡ് നടൻ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി മുകഴക്കിയ കേസിൽ പ്രതിയെ പിടികൂടി പൊലീസ്. 26 വയസുകാരനാണ് പിടിയിലായത്. ഗുജറാത്തിലെ ബറോഡയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വഡോദര സ്വദേശിയായ മായങ്ക് പാണ്ഡ്യയാണ് അറസ്റ്റിലായത്. ഇയാൾക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയമുണ്ട്.
പിടിയിലായ മായങ്ക് പാണ്ഡ്യക്ക് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് മുംബൈയിലെ വോർലിയിലെ ഗതാഗത വകുപ്പിലേക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് ഭീഷണി വന്നത്. സല്‍മാന്‍റെ കാര്‍ ബോംബ് വച്ച് പൊട്ടിക്കുമെന്നും സല്‍മാനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി സന്ദേശം. മുംബൈ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് സല്‍മാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് പുതിയ ഭീഷണി വരുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്‌സി അപ്പാർട്ട്‌മെന്‍റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്. പുലര്‍ച്ചെ ഉറങ്ങുന്ന സമയത്ത് പടക്കം പോലെയുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് മൊഴിയില്‍ സൽമാൻ പറഞ്ഞു, തന്നെയും കുടുംബത്തെയും വധിക്കാനാണ് അവര്‍ ശ്രമിച്ചത് എന്ന് സല്‍മാന്‍ പറഞ്ഞു.പിന്നീട് സല്‍മാന്‍ ഖാന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. പിന്നീട്, ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയും ഫേസ്ബുക്ക് പോസ്റ്റിൽ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.