റോബർട്ട് വാദ്രയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്; ലണ്ടനിലേതടക്കമുള്ള ഭൂമി ഇടപാടുകളിൽ ഹാജരാകണമെന്ന് നിർദേശം

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് വീണ്ടും നോട്ടീസ് അയച്ച് ഇ ഡി. ഹരിയാന ഷിക്കോപൂര്‍ ഭൂമി ഇടപാട് കേസിലാണ് നോട്ടീസ് നൽകിയത്. കേസിൽ ഹാജരാകണമെന്ന് കാട്ടി ഇ ഡി നോട്ടീസ് അയച്ചതിന് തൊട്ട് പിന്നാലെയാണ് വാദ്ര ഡൽഹിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്. രണ്ടാം തവണയാണ് റോബർട്ട് വാദ്രയ്ക്ക് ഇ ഡി നോട്ടിസ് നൽകുന്നത്.

ഭൂമി ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ ഡിക്ക് കൂടുതൽ ചോദ്യം ചെയ്യുന്നതിനാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടായിരുന്നു വാദ്ര ഇ ഡി ഓഫീസിൽ കാൽനടയായി എത്തിയത്. ഇ ഡി കേസ് രാഷ്ട്രീയ പകപോക്കൽ ആണ്. തനിക്കെതിരായ രേഖകൾ ഇ ഡി കെട്ടിച്ചമച്ചതാണെന്നും രാജ്യത്തിന് അനുകൂലമായി സംസാരിക്കുമ്പോൾ തന്നെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത് എല്ലായ്‌പ്പോഴും എല്ലാ ഉത്തരങ്ങളും നൽകിയിട്ടുണ്ട്, അത് തുടരുന്നു എന്നും വാദ്ര ചോദ്യം ചെയ്യലിന് ഹാജരാകവേ പ്രതികരിച്ചു.

ഹരിയാനയിലെ ശിഖോപൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. 2008 ൽ വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഗുഡ്ഗാവിലെ ഷിഖോപൂർ ഗ്രാമത്തിൽ മൂന്ന് ഏക്കർ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. പിന്നീട് ഹരിയാനയിലെ ടൗൺ പ്ലാനിംഗ് വകുപ്പ് ഈ ഭൂമിയുടെ 2.71 ഏക്കറിൽ ഒരു വാണിജ്യ കോളനി സ്ഥാപിക്കുന്നതിന് പദ്ധതിയിട്ട് കത്ത് നൽകി. തുടർന്ന് സ്‌കൈലൈറ്റും ഡിഎൽഎഫും മൂന്ന് ഏക്കർ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് വിൽക്കാമെന്ന് കരാർ ഉണ്ടാക്കി. പിന്നാലെ ഭൂമിയുടെ വിൽപ്പന രേഖ ഡിഎൽഎഫിന് അനുകൂലമായി രജിസ്റ്റർ ചെയ്തു. എന്നാൽ ഏപ്രിൽ 8 ന് ഈ കേസിൽ വാദ്രയ്ക്ക് ആദ്യം സമൻസ് അയച്ചെങ്കിലും മൊഴി നൽകിയിരുന്നില്ല.