കോടികൾ വിലമതിക്കുന്ന ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ആസ്തികൾ വിൽപനയ്ക്ക്

പൊതുമേഖലാ ടെലികോം സ്ഥാപനങ്ങളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെയും (ബിഎസ്എൻഎൽ) മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡിന്റെയും (എംടിഎൻഎൽ) ആറ് ആസ്തികൾ വിൽപനയ്‌ക്ക്‌. നോൺ-കോർ അസറ്റ് മോണിറ്റൈസേഷൻ പ്രക്രിയയ്ക്ക് തുടക്കമിട്ട്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) ആണ് പുതിയ അസറ്റ് മോണിറ്റൈസേഷൻ പോർട്ടൽ വഴി ലേലത്തിന് ക്ഷണിച്ചിരിക്കുന്നത്.

“എം.എസ്.ടി.സി പോർട്ടലിൽ ബിഎസ്എൻഎൽ/എംടിഎൻഎൽ ലേലം ചെയ്യുന്ന ആറ് അസ്ഥികളുടെ ആദ്യ സെറ്റ് മുതലാണ് നോൺ കോർ അസറ്റ് മോണിറ്റൈസേഷൻ ആരംഭിക്കുന്നത്,” ഡിഐപിഎഎം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.

ടെലികോം കമ്പനികളുടെ റിയൽ എസ്റ്റേറ്റ് ആസ്തികൾ ഏകദേശം 1,100 കോടി രൂപയുടെ റിസർവ് വിലയ്ക്ക് സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപയോഗശൂന്യമായ ആസ്തികൾ ധനസമ്പാദനം നടത്താനായി ലേലം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്, എന്നാൽ പ്രധാനമല്ലാത്ത ആസ്തികൾ മാത്രമേ ഈ ലേലത്തിൽ ഉൾപ്പെടൂ എന്നാണ് സർക്കാർ പറയുന്നത്.

മാർച്ച് 10 ന് ശേഷമുള്ള ഏറ്റവും വലിയ ഇൻട്രാഡേ ഉയർച്ചയിൽ എംടിഎൻഎൽ-ന്റെ ഓഹരികൾ നവംബർ 18 ന്, 15 ശതമാനം ഉയർന്ന് ₹ 20.70 ആയി. കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. എംടിഎൻഎല്ലിന്റെ ഓഹരികൾ ഈ വർഷം ഇതുവരെ 30.4 ശതമാനം നേട്ടമുണ്ടാക്കി.

Read more

സർക്കാർ 1986-ൽ സ്ഥാപിച്ച എംടിഎൻഎൽ ജൂലൈ-സെപ്റ്റംബർ പാദത്തിൽ 653 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു, ഒരു വർഷം മുമ്പ് ഇത് 583 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അതിന്റെ മൊത്തം കടം 25,615 കോടി രൂപയായിരുന്നു.