പൗരത്വ ഭേദഗതി ബില്ലിൽ ആളിക്കത്തി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍; ഐഎസ്എല്‍- രഞ്ജി മത്സരങ്ങള്‍ മാറ്റി

ഐഎസ്എല്ലില്‍ ഗുവാഹത്തിയിൽ ഇന്ന് നടക്കേണ്ടിയിരുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- ചെന്നൈയിന്‍ എഫ്‌സി മത്സരം റദ്ദാക്കി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെച്ചതെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. രാത്രി 7.30-നാണ് മത്സരം തുടങ്ങേണ്ടിയിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അസമിലെയും ത്രിപുരയിലെയും രഞ്ജി ട്രോഫി മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്.

മത്സരം നടത്താന്‍ കഴിഞ്ഞ 48 മണിക്കൂറുകളായി അധികൃതര്‍ക്കൊപ്പം എല്ലാ പരിശ്രമങ്ങളും നടത്തി. എന്നാല്‍ ആരാധകരുടെയും താരങ്ങളുടെയും സംഘാടകരുടെയും സുരക്ഷ പരിഗണിച്ച് മത്സരം മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഐഎസ്എല്‍ അധികൃതര്‍ ട്വീറ്റ് ചെയ്തു. ഏഴ് കളിയിൽ നോര്‍ത്ത് ഈസ്റ്റിന് 10-ഉം ചെന്നൈയിന് ആറും പോയിന്‍റാണ് നിലവില്‍ ഉള്ളത്. ഇന്നലെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന പരിശീലകരുടെ വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു.

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. ഇന്ന് അസമിൽ ഉൾഫ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുവാഹത്തിൽ നിരോധനാ‍‍ജ്ഞ പ്രഖ്യാപിച്ചിക്കുകയാണ്. അസമിലും ത്രിപുരയിലും പ്രക്ഷോഭവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. രണ്ട് സംസ്ഥാനത്തും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.