പഞ്ഞിമിഠായിയില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തു; പുതിച്ചേരിയില്‍ നിരോധനം ഏര്‍പ്പെടുത്തി

ക്യാന്‍സറിന് കാരണമാകുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബി കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായി നിരോധിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയായ റോഡാമൈന്‍ ബി ആണ് കണ്ടെത്തിയത്. പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.

തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം കൂട്ടുന്നതിനായി ഉപയോഗിക്കുന്നതാണ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെമിക്കല്‍ ഡൈയാണ് റോഡാമൈന്‍ ബി. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ വെള്ളിയാഴ്ച നിരോധനം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതരസംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതുച്ചേരി ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പു നല്‍കി. പഞ്ചസാര കൊണ്ട് നിര്‍മ്മിക്കുന്ന മിഠായിയാണ് കോട്ടണ്‍ കാന്‍ഡി അഥവാ പഞ്ഞി മിഠായി. കൃത്രിമ നിറങ്ങളും മറ്റും ഉപയോഗിച്ചാണ് പലപ്പോഴും ഇവ നിര്‍മ്മിക്കുന്നത്. എന്നാല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി (എഫ്എസ്എസ്എഐ) അംഗീകരിച്ച അംഗീകൃത കൃത്രിമ ചേരുവകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം.