ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഇന്നു തന്നെ റിപ്പോര്‍ട്ട് സഭയില്‍വെക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു. വോട്ടിനിട്ട് പാസാക്കിയാല്‍ ഇന്നു തന്നെ മഹുവയ്‌ക്കെതിരേ നടപടിയുണ്ടാകും. ഡിസംബര്‍ 22 വരെയാണ് ശൈത്യകാല സമ്മേളനം. ഇതിനിടയ്ക്ക് മഹുവക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചോദ്യത്തിന് കോഴ ആരോപണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം മഹുവയ്ക്ക് എതിരാണ്. അവസാനമായി മഹുവ മൊയ്ത്രയെ കുരുക്കി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. മഹുവ കൊല്‍ക്കത്തയിലായിരുന്ന സമയത്ത് വിവിധ സ്ഥലങ്ങില്‍ ഇരുന്ന് നാലില്‍ അധികം തവണ ലോഗിന്‍ ചെയ്തുവെന്നാണ് പുതിയ കണ്ടെത്തല്‍. ദുബായ്ക്കു പുറമെ മറ്റു രാജ്യങ്ങളില്‍ ഇരുന്നും ലോഗിന്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
എംപി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന സമയത്ത് യുഎസിലെ ന്യൂജഴ്സി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങില്‍നിന്ന് പാര്‍ലമെന്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോടികള്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് വിഷയം പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ മഹുവ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതെന്നു ദുബെ ആരോപിച്ചു. ഡല്‍ഹി, ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി പലയിടങ്ങളില്‍നിന്ന് ലോഗിന്‍ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു.
നേരത്തെ, പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. തനിക്കെതിരെ കങ്കാരു കോടതി മുന്‍കൂട്ടി നിശ്ചയിച്ച കളിയാണ് നടന്നത്. ലോക്സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മഹുവയുടെ ഈ പ്രതികരണം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്നും അവര്‍ എക്‌സില്‍ കുറിച്ചു. മഹുവയ്ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി യോഗത്തില്‍ പാസ്സായിയിരുന്നു. സമിതിയിലെ ആറംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള്‍ നാലംഗങ്ങള്‍ എതിര്‍ത്തു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സ്പീക്കറുടേതും സഭയുടേതുമാണ്. സ്പീക്കറുടെ പക്കലുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായ് സഭയ്ക്ക് മുന്നില്‍ വെയ്ക്കുകയാണ് ലോക്സഭാ സ്പീക്കര്‍ ചെയ്യുക.
Read more
എത്തിക്സ് കമ്മിറ്റി നിര്‍ദേശിച്ച ശിക്ഷ നല്‍കണമോ വേണ്ടയോ എന്ന് ലോക്സഭയാണ് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുക. ബിജെപിയ്ക്ക് ലോക്സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി നിലപാടില്‍ എന്തെങ്കിലും മാറ്റിമില്ലാത്തിടത്തോളം വോട്ടെടുപ്പിന്റെ ഫലം എന്താകുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ കടുത്ത നടപടി വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയാല്‍ എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കല്‍ തീരുമാനം നടപ്പാക്കണമെന്നും ഇല്ല. ശിക്ഷയുടെ കാഠിന്യം കുറയ്ക്കാന്‍ സഭയ്ക്കും സഭാനാഥനും പൂര്‍ണ അധികാരമുണ്ട്.