കേന്ദ്ര ബജറ്റ് വിവേചനപരം; രാജ്യസഭയിലും പ്രതിഷേധം, പ്രതിപക്ഷ അംഗങ്ങള്‍ വാക്കൗട്ട് നടത്തി

കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭയില്‍ നിന്ന് വാക്കൗട്ട് നടത്തി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് അങ്കണത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാര്‍ലമെന്റ് അങ്കണത്തില്‍ പ്രതിഷേധം.

Read more

ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ബ്ലോക്ക് പാര്‍ട്ടികളുടെ യോഗത്തിലാണ് ഇന്നത്തെ പ്രതിഷേധം സംബന്ധിച്ച് തീരുമാനമുണ്ടായത്. ബിജെപി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളെ ബജറ്റ് ഇരുട്ടിലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജൂലൈ 27ന് ചേരുന്ന നീതി ആയോഗ് യോഗം തങ്ങളുടെ മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.