കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 74 ചാനലുകള്‍ നിരോധിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍. 2018ല്‍ 23 , 2019ല്‍ 10 , 2020ല്‍ 12 , 2021ല്‍ 23 , 2022ല്‍ 6 എന്നിങ്ങനെയാണ് ടി.വി ചാനലുകള്‍ നിരോധിച്ചതെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താകുര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി.
രണ്ടു വര്‍ഷത്തിനുള്ളില്‍ 104 ഓണ്‍ലൈന്‍ വാര്‍ത്ത ചാനലുകളും നിരോധിച്ചുവെന്നും അദേഹം വ്യക്തമാക്കി. 2021ല്‍ 20ഉം 2022ല്‍ 84ഉം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകള്‍ നിരോധിച്ചു. ഈ രണ്ടു വര്‍ഷങ്ങളില്‍ 25 വെബ്സൈറ്റുകള്‍ക്കും പൂട്ടിട്ടു.സിപിഎം പ്രതിനിധിയായ ഡോ. വി. ശിവദാസന്‍ എംപിയുടെ ചോദ്യത്തിനാണ് മന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കിയത്.
Read more
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമിതിയാണ് നിരോധനത്തിന്റെ നടപടിക്രമങ്ങള്‍ തീരുമാനിക്കുന്നത്. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് റൂള്‍സ് 2021 പ്രകാരം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറിയും, വനിത-ശിശു വികസനം, ആഭ്യന്തര മന്ത്രാലയം, ഇലക്ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ പ്രതിനിധികളും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ധരും ഉള്‍പ്പെട്ട സമിതിയാണിത്. ജുഡീഷ്യല്‍ അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ക്കോ പാര്‍ലമെന്റ് സമിതികള്‍ക്കോ ഈ പ്രക്രിയയില്‍ സ്ഥാനമില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.