ചണ്ഡിഗഡിനെ ഉടന്‍ പഞ്ചാബിനോടൊപ്പം ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്. പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രഭരണ പ്രദേശം നിയന്ത്രിക്കാന്‍ കേന്ദ്രവും പഞ്ചാബും തമ്മിലുള്ള പോരാട്ടം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയായി അധികാരമേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം മന് വലിയ നീക്കം നടത്തിയിരിക്കുന്നത്.
ഇതിനോടകം നിരവധി തവണ പഞ്ചാബ് ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സമീപകാല പ്രവര്‍ത്തനങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചണ്ഡിഗഡിലെ ഭരണത്തിലെ സന്തുലിതാവസ്ഥ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് മന് പറഞ്ഞു.
ചണ്ഡിഗഡ് അഡ്മിനിസ്ട്രേഷനിലെ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍വീസ് നിയമങ്ങളും ആനുകൂല്യങ്ങളും ബാധകമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം അവതരിപ്പിച്ച് പാസാക്കിയത്.
‘ചണ്ഡിഗഡ് ഭരണം എല്ലായ്പ്പോഴും 60:40 എന്ന അനുപാതത്തില്‍ പഞ്ചാബിലെയും ഹരിയാനയിലെയും ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്യുന്നത്. എന്നിരുന്നാലും, അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ചണ്ഡിഗഡിലേക്ക് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയും അഡ്മിനിസ്ട്രേഷനിലെ ജീവനക്കാര്‍ക്കായി കേന്ദ്ര സിവില്‍ സര്‍വീസ് നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇത് മുന്‍കാല ധാരണകള്‍ക്ക് വിരുദ്ധമാണ്,’ മന് പറഞ്ഞു.
Read more
ഇത് ചണ്ഡിഗഡിലെ പഞ്ചാബിന്റെ അവകാശവാദത്തെ ഇല്ലാതാക്കുമെന്നും, ഫെഡറലിസത്തിന്റെ ആത്മാവിന് എതിരാണെന്നും ആരോപണം ഉയര്‍ന്നു. ചണ്ഡീഗഡിന് വേണ്ടി പഞ്ചാബ് സര്‍ക്കാര്‍ ശക്തമായി പോരാടുമെന്ന് മുഖ്യമന്ത്രി മാന്‍ നേരത്തെ പറഞ്ഞിരുന്നു.