അയോദ്ധ്യ-ബാബറി മസ്ജിദ് വിധി; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിദേശ സന്ദർശനം റദ്ദാക്കി

രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിൽ വിധി തയ്യാറാക്കുന്നതിന് സമയം ചെലവഴിക്കുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് തന്റെ വിദേശ പര്യടനം റദ്ദാക്കിയതായി റിപ്പോർട്ട്.

നവംബർ 17- ന് വിരമിക്കുന്നതിനുമുമ്പ് അയോദ്ധ്യ കേസിൽ വിധി വരുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ ബഹുരാഷ്ട്ര പര്യടനം റദ്ദാക്കി എന്നാണ് റിപ്പോർട്ടുകൾ.

വിധി പറയുന്നതിനായി മാറ്റിവെച്ച അയോദ്ധ്യ രാമ ജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസിലെ ബെഞ്ചിന്റെ തലവനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിദേശ യാത്രക്കുള്ള പരിപാടി ചില ആവശ്യകതകൾ കാരണം റദ്ദാക്കി എന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.

Read more

നവംബർ 17- ന് ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്നതിനു മുമ്പ് ഗോഗോയ് ചില തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സന്ദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നിർദ്ദിഷ്ട സന്ദർശനങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ഇത് റദ്ദാക്കിയതായും വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 3- നാണ് ഗോഗോയ് 46-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്തത്.