കോയമ്പത്തൂര്‍ സ്‌ഫോടനം ചാവേര്‍ ആക്രമണം തന്നെയെന്നതിന് നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബീന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് കണ്ടെടുത്തു.’തന്റെ മരണവിവരം അറിയുമ്പോള്‍ തെറ്റുകള്‍ പൊറുത്ത് മാപ്പാക്കണം’, ‘സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണം’. സ്‌ഫോടനത്തിന്റെ തലേദിവസമാണ് ഈ വാചകം ജമേഷ മുബീന്‍ തന്റെ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയിട്ടത്. വാട്‌സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.
മുബീന്റെ 13 ശരീര ഭാഗങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. പ്രതികള്‍ വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായാണ് സൂചന. ജമേഷയുടെ വീട്ടില്‍ നിന്ന് സംശയാസ്പദമായ രേഖകള്‍ പലതും പൊലീസ് കണ്ടെത്തി. കോയമ്പത്തൂര്‍ നഗരത്തിലെ ക്ഷേത്രങ്ങള്‍, കളക്ട്രേറ്റ്, കമ്മീഷണര്‍ ഓഫീസ് തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 75 കിലോ സ്‌ഫോടനക്കൂട്ടുകളും കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് ഐഎസ് ബന്ധമെന്നും സംശയമുണ്ട്.
കോയമ്പത്തൂര്‍ ഉക്കടം കാര്‍ സ്‌ഫോടനക്കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. അഞ്ചിലേറെ പേരെക്കൂടി കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ഇന്നലെ റിമാന്‍ഡിലായ 5 പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
Read more
ബോംബ് സ്‌ക്വാഡ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. നഗരത്തില്‍ ഇപ്പോഴും കേന്ദ്ര സേനയെ നിയോഗിച്ചുള്ള സുരക്ഷ തുടരുകയാണ്. ജനവാസ മേഖലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാണ്.