മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

മെയ്തെയ്-കുക്കി സംഘർഷം തുടരുന്ന മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ജിരിബാമിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ജില്ലാ ആസ്ഥാനത്തുനിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് സംഘർഷം.

ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒരാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ വെടിവെപ്പിനിടെയാണ് നാല് പേർ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഒറ്റയ്ക്ക് കഴിയുകയായിരുന്നയാളെ അയാളുടെ വീട്ടിൽ കയറിയാണ് ഉറങ്ങുന്നതിനിടെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ രണ്ട് വിഭാ​ഗങ്ങൾ തമ്മിൽ വെടിവെപ്പ് തുടങ്ങുകയായിരുന്നു.

സായുധ സംഘങ്ങൾ സ്ഫോടകവസ്തുക്കൾ നിറച്ച് ഡ്രോണുകൾ ഉപയോ​ഗിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഉയരത്തിൽ പറത്തി ബോംബുകൾ വർഷിക്കാൻ കഴിയുന്ന അത്യാധുനിക ഡ്രോണുകളാണ് ഇവരുടെ പക്കലുള്ളത്. ഡ്രോണുപയോ​ഗിച്ച് ബോംബ് വർഷിച്ചുകൊണ്ടുള്ള ആക്രമണത്തിൽ സെപ്റ്റംബർ ഒന്നിന് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

Read more