മണിപ്പൂരിൽ സംഘർഷം രൂക്ഷം; ജനപ്രതിനിധികൾക്കും രക്ഷയില്ല, 13 എംഎൽഎമാരുടെ വീടുകൾ തകർത്തു

കലാപം തുടരുന്ന മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകൾക്കുനേരെയും അക്രമകാരികൾ ആക്രമണം നടത്തുകയാണ്. ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികൾ തകർത്തു. ഇതിൽ ഒൻപത് ബിജെപി എംഎൽഎമാരും ഉൾപ്പടുന്നു.

ഞായറാഴ്‌ച രാത്രി മുഴുവൻ നീണ്ടുനിന്ന ആളക്കൂട്ട ആക്രമണങ്ങൾക്കും തീവെപ്പുകൾക്കും ശേഷമായിരുന്നു സംഭവം. പൊതുമരാമത്ത് മന്ത്രി ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺഗ്രസ് നിയമസഭാംഗം ടി.എച്ച്. ലോകേഷ്വർ എന്നിവരുടെ ഉൾപ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി എം.എൽ.എ കോംഖാം റോബിൻദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികൾ അദ്ദേഹത്തിൻ്റെ വീട് തകർത്തതായി പോലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജൻ്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എൽ. സുശീന്ദ്രോ സിങ്ങിൻ്റെ വീട്ടിലും പ്രതിഷേധക്കാർ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ പ്രക്ഷോഭകർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്റെ മരുമകൻ കൂടിയായ ബിജെപി നിയമസഭാംഗം ആർ.കെ. ഇമോയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടി. സംഘർഷത്തിൽ സർക്കാർ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു. ജിരിബാമിൽനിന്ന് സായുധ വിഭാഗക്കാർ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുർ സംഘർഷഭരിതമായത്.

Read more