അന്തരിച്ച വിപ്ലവ കവി ഗദ്ദറിന്റെ മകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മത്സരം ബിആര്‍എസിന്റെ സിറ്റിംഗ് എംഎല്‍എയുടെ മകള്‍ ലാസ്യ നന്ദിതയുമായി

അന്തരിച്ച വിപ്ലവ കവി ഗദ്ദറിന്റെ മകള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സെക്കന്തരാബാദ് കന്റോണ്‍മെന്റ് സംവരണ മേഖലയിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡോ ജിവി വെണ്ണില മത്സരിക്കുന്നത്. ഒരു കാലത്ത് ജനങ്ങളോട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത വിപ്ലവ കവിയാണ് ഗുമ്മാഡി വിറ്റല്‍ റാവു എന്ന ഗദ്ദര്‍.

സിറ്റിംഗ് എംഎല്‍എയായ സായണ്ണയുടെ മകള്‍ ലാസ്യ നന്ദിതയാണ് ഭരണകക്ഷിയായ ബിആര്‍എസിന്റെ സ്ഥാനാര്‍ത്ഥി. തെലങ്കാന പ്രക്ഷോഭത്തില്‍ തന്റെ തന്റെ നാടോടി ഗാനങ്ങളുമായി സജീവമായിരുന്നു ഗദ്ദര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഗദ്ദര്‍. 2017ല്‍ മാവോയിസം ഉപേക്ഷിച്ച ഗദ്ദര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു.

അതേ സമയം കോണ്‍ഗ്രസ് 2018ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഗദ്ദറിന് സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിപ്ലവ കവി നിരസിക്കുകയായിരുന്നു. 2023ല്‍ ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു പദ്ധതി. ഇതിനിടയില്‍ കഴിഞ്ഞ ഓഗസ്റ്റ് 6ന് ഗദ്ദര്‍ അന്തരിച്ചു.