ഛത്രപതി ശിവജിയുടെ പ്രതിമ രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്റ് അറസ്റ്റില്‍; പാര്‍ലമെന്റിലെ ചോര്‍ച്ച മുതല്‍ ശിവജി പ്രതിമ വരെ; അറസ്റ്റുകൊണ്ട് മേല്‍ക്കൂരയടയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ പ്രതിമ രൂപകല്പന ചെയ്ത കണ്‍സള്‍ട്ടന്റ് അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിമയുടെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം പ്രതിമയുടെ ശില്‍പി ജയദീപ് ആപ്തെ ഒളിവില്‍ തുടരുകയാണ്.

ശിവജിയുടെ പ്രതിമ തകര്‍ന്നുവീണതിന് പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധത്തിനൊടുവിലാണ് ചേതന്‍ പാട്ടീലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിമ തകര്‍ന്നുവീണതിന് പിന്നാലെ ശില്‍പി ജയദീപ് ആപ്തെയും കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലും ഒളിവില്‍ പോയിരുന്നു.

2023 ഡിസംബര്‍ 4ന് സിന്ധുദുര്‍ഗില്‍ നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു പ്രതിമ ഉദ്ഘാടനം ചെയ്തത്. പ്രതിമ തകര്‍ന്നതിന് പിന്നാലെ ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ ബിജെപിയുടെ താത്പര്യം മുന്‍നിര്‍ത്തി നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉള്‍പ്പെടെ നിര്‍മ്മാണ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചോര്‍ച്ച കണ്ടെത്തിയപ്പോള്‍ സമാനമായി അയോധ്യ രാമക്ഷേത്രത്തിലും നിര്‍മ്മാണ വീഴ്ച കണ്ടെത്തിയിരുന്നു. മധ്യപ്രദേശില്‍ സപ്ത ഋഷികളുടെ പ്രതിമ തകര്‍ന്നപ്പോള്‍ ബിഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പത്തിലേറെ പാലങ്ങളാണ് വിവിധ ഘട്ടങ്ങളായി തകര്‍ന്നുവീണത്.