കരാറുകാരന്റെ ആത്മഹത്യ; രാജി പ്രഖ്യാപിച്ച് കര്‍ണാടക മന്ത്രി ഈശ്വരപ്പ, ഇന്ന് കത്ത് കൈമാറും

കര്‍ണാടകയിലെ കരാറുകാരനും ഹിന്ദി വാഹിനി സംഘടനയുടെ ദേശീയ സെക്രട്ടറിയുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയനായ കര്‍ണാടക ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്ക്ക് രാജിക്കത്ത് കൈമാറും.

ഈശ്വരപ്പയെ അറസ്റ്റു ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവെക്കാന്‍ തീരുമാനിച്ചത്.

സന്തോഷ് പാട്ടീലിന്റെ മരണത്തില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി ഈശ്വരപ്പയ്ക്കെതിരെ ഉഡുപ്പി പൊലീസ് കേസെടുത്തിരുന്നു. സന്തോഷിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കോസെടുത്തത്. ഗ്രാമവികസന-പഞ്ചായത്ത് രാജ് വകുപ്പിന്റെ കീഴില്‍ പട്ടീല്‍ നടത്തിയ 4 കോടി രൂപയുടെ പദ്ധതിയില്‍ മന്ത്രിയുടെ കൂട്ടാളികള്‍ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സന്തോഷ് ആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സന്തോഷ് ആത്മഹത്യചെയ്തത് എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്ങിനും കത്തെഴുതിവെച്ചാണ് സന്തോഷ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് കാരണമായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സന്തോഷിന്റെ ബന്ധുക്കളും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും പറയുന്നത്.

കമ്മീഷന്‍ മാഫിയ്ക്കെതിരെ കര്‍ണാടകയിലെ സംയുക്ത കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മെയ് 25ന് സംസ്ഥാനവ്യാപകമായി റാലി നടത്തും. 50,000 കോണ്‍ട്രാക്ടര്‍മാര്‍ റാലിയില്‍ പങ്കെടുക്കുമെന്നും കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.