'പാർട്ടിയിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ ഒരാളാകാം': മകളുടെ കൊലയാളിയെ കുറിച്ച് ഹിമാനി നർവാളിന്റെ അമ്മ

കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ അറസ്റ്റിലായതിനെത്തുടർന്ന് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കുടുംബം തിങ്കളാഴ്ച പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.

“പ്രതി അറിയപ്പെടുന്ന ഒരാളാണെന്ന് എനിക്ക് ഉറപ്പുണ്ട്, പാർട്ടിയിൽ നിന്നുള്ള ഒരാളോ അല്ലെങ്കിൽ അവളുടെ കോളേജിൽ നിന്നുള്ള ഒരാളോ അല്ലെങ്കിൽ ഞങ്ങളുടെ ബന്ധുവോ ആകാം. അവർക്ക് മാത്രമേ വീട്ടിലേക്ക് വരാൻ കഴിയൂ… ആരോ അവളെ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്, അവൾ പ്രതിഷേധിച്ചു, അതുകൊണ്ടാണ് ഇത് സംഭവിച്ചത്.” കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകയുടെ അമ്മ സവിത എഎൻഐയോട് പറഞ്ഞു.

“അവൾ ഒരു തെറ്റും സഹിച്ചില്ല… പ്രതിക്ക് വധശിക്ഷ വേണം… സർക്കാരിൽ നിന്ന് ആരും ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല.” അവർ കൂട്ടിച്ചേർത്തു. മാർച്ച് ഒന്നിന് റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് സമീപം ഒരു സ്യൂട്ട്കേസിലാണ് ഹിമാനി നർവാളിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തി മൃതദേഹം റോഡിൽ വലിച്ചെറിഞ്ഞതായി തോന്നുന്നുവെന്ന് സാംപ്ല പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബിജേന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്.