കോവിഡ് വ്യാപനം; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി മാറ്റിവെച്ചു

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനുവരി 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പത്താം പതിപ്പ് മാറ്റിവെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വ്യാഴാഴ്ച തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മുന്‍നിര കമ്പനികളുടെ സിഇഒമാരും പങ്കെടുക്കേണ്ടതായിരുന്നു. ബുധനാഴ്ച, ഗുജറാത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ കഴിഞ്ഞ വര്‍ഷം മെയ് 26 ന് ശേഷം ആദ്യമായി 3,000 കടന്നിരുന്നു. 3,350 അണുബാധകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ 8,40,643 ആയി മാറി.

അതേസമയം ഗുജറാത്തില്‍ ബുധനാഴ്ച 50 പുതിയ ഒമൈക്രോണ്‍ കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഒമൈക്രോണ്‍ കേസുകൾ ആകെ 204 ആയി.