ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ചാം തവണയും വിജയിക്കാൻ മുഹമ്മദ് യൂസഫ് തരിഗാമി. കുൽഗാം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥിയായ തരിഗാമി 1997 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി സയാർ അഹമ്മദ് റെഷി, പിഡിപി നേതാവ് മുഹമ്മദ് അമിൻ ധർ എന്നിവരാണ് എതിരാളികൾ.
1996, 2002, 2008, 2014 എന്നിങ്ങനെ കുൽഗാമിൽ തുടർച്ചയായി നാല് തവണ വിജയിച്ചിട്ടുള്ളത് തരിഗാമിയാണ്. അഞ്ചാം ജയം നേടിയാണ് ഇത്തവണ തരിഗാമി ഇറങ്ങിയത്. 73കാരനായ തരിഗാമി സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. നാഷണൽ കോണ്‍ഫറൻസ് – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയാണ് തരിഗാമി. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതും തൊഴിലില്ലായ്മയും കർഷക പ്രശ്നങ്ങളും ഉയർത്തിയായിരുന്നു ഇത്തവണത്തെ പ്രചാരണം.
ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളിഞ്ഞ 2019ൽ മാസങ്ങളോളം തരിഗാമി വീട്ടുതടങ്കലിൽ കഴിഞ്ഞു. സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയതും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദർശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയായ ഗുപ്കാർ മൂവ്മെന്‍റിന്‍റെ വക്താവു കൂടിയാണ് തരിഗാമി.