മഹീന്ദ്രയില്‍ നിന്നും ഐസിഐസിഐ ബാങ്കില്‍ നിന്നും നേടിയത് കോടികള്‍; മാധവി ബുച്ചിനെ വിടാതെ ഹിന്‍ഡന്‍ബര്‍ഗ്

മാധവി പുരി ബുച്ചിനെതിരെ ആരോപണങ്ങളുമായി വീണ്ടും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. നേരത്തെ അദാനിയുടെ ഷെല്‍ കമ്പനികളില്‍ മാധവി പുരി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നും അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്ന് മാധവി വഴിവിട്ട് സഹായിച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു.

നേരത്തെ ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ക്കഥയായാണ് പുതിയ ആരോപണങ്ങള്‍. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കെ ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് പണം കൈപറ്റിയെന്നാണ് ഒടുവിലത്തെ ആരോപണം. മാധബിയുടെ ഉടമസ്ഥതയിലുള്ള കണ്‍സണ്‍ട്ടന്‍സി സ്ഥാപനത്തിനുള്ള ഫീസ് ഇനത്തിലാണ് തുക കൈപറ്റിയതായി ആരോപണമുള്ളത്.

മാധവി ബുച്ചിന് 99 ശതമാനം ഓഹരി നിക്ഷേപമുള്ള ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലൂടെ ലാഭമുണ്ടാക്കിയതായാണ് ആരോപണം. ലിസ്റ്റഡ് കമ്പനികളില്‍ നിന്ന് ഫീസ് ഇനത്തില്‍ കോടികളാണ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലേക്ക് എത്തിയതെന്നും ആരോപണമുണ്ട്.

Read more

അതേസമയം സെബിയെ തന്റെ ഓഹരി പങ്കാളിത്തത്തെ കുറിച്ച് അറിയിച്ചിരുന്നെന്ന മാധവിയുടെ വാദം യാഥാര്‍ത്ഥ്യമല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, പെഡിലൈറ്റ് ഉള്‍പ്പെടെ മാധവിയുമായി ഇടപാട് നടത്തിയ കമ്പനികളുടെ പേരും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടു.