ഛത്തീസ്ഗഢിൽ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് സ്‌ഫോടനം; ഒരു സൈനികന് പരിക്ക്

ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം. നക്സൽ ബാധിത സുഖ്മ ജില്ലയിൽ മാവോയിസ്റ്റുകൾ സ്‌ഫോടനം നടത്തി. ഐഇഡി സ്‌ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

സിആർപിഎഫിന്റെയും കോബ്ര 206 ആം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കോബ്രാ 206 ആം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്. നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ചവിട്ടുക ആയിരുന്നുവെന്നാണ് വിവരം.

Read more

90 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്‌മെന്റിന് കീഴിലാണ് ഈ പ്രദേശം. അതേസമയം വോട്ടെടുപ്പ് നടക്കുന്ന മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും സംസ്ഥാന പൊലീസിനേയും പൂര്‍ണ്ണമായും വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്.