ശമ്പളം ചോദിച്ച യുവാവിന്റെ വായില്‍ ചെരുപ്പ് കുത്തിക്കയറ്റുകയും ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്ത സംഭവത്തില്‍ വനിതാ വ്യവസായിക്കും ആറ് പേര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. 21കാരനായ ദളിത് യുവാവിനെയാണ് വനിതാ വ്യവസായിയും സംഘവും ക്രൂരമായി മര്‍ദ്ദിച്ചത്. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം നടന്നത്.
നിലേഷ് ദല്‍സാനിയയാണ് തൊഴിലുടമയ്ക്കും സംഘത്തിനും എതിരെ പരാതി നല്‍കിയിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ വിഭൂതി പട്ടേലിനും ആറ് പേര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. റാണിബ ഇന്ഡസ്ട്രീസില് ഒക്ടോബറില്‍ ടൈല്‍സ് കയറ്റുമതി ചെയ്യുന്ന വിഭാഗത്തിലാണ് നിലേഷ് ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 18ന് നിലേഷിനെ വിഭൂതി പട്ടേല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.
അതേ സമയം നിലേഷ് ജോലി ചെയ്ത ദിവസങ്ങളിലെ ശമ്പളത്തെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന് വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഫോണിലും വിഭൂതിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നു. ഇതേ തുടര്‍ന്ന് നിലേഷ് സഹോദരന് മെഹുലിനെയും അയല്‍വാസിയെയും കൂട്ടി റാണിബ ഇന്ഡസ്ട്രീസില് ശമ്പളം ചോദിക്കാനെത്തി. മൂവരെയും വിഭൂതി പട്ടേലിന്റെ സഹോദരന് ഓം പട്ടേലും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി.
വിഭൂതി പട്ടേലും യുവാക്കളെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. യുവാക്കളെ ബെല്‍റ്റ് കൊണ്ട് അടിച്ചതായും ചെരുപ്പ് വായില്‍ കുത്തിക്കയറ്റി മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പണം തട്ടാനാണ് താന്‍ ഓഫീസില്‍ വന്നതെന്ന് നിലേഷിനെ ഭീഷണിപ്പെടുത്തി പറയിപ്പിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
Read more
യുവാക്കളെ ആക്രമിച്ച ഏഴ് പേര്‍ക്കെതിരെയും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.