വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കി ചട്ടങ്ങള്‍ പരിഷ്‌കരിച്ച് യുജിസി. അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്‍കിയിരിക്കുന്നത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവര്‍ണര്‍ക്ക് നിര്‍ദേശിക്കാം. രണ്ടാമത്തെ അംഗത്തെ യു.ജി.സി. ചെയര്‍മാന്‍ നാമനിര്‍ദേശം ചെയ്യും. സിന്‍ഡിക്കേറ്റ്, സെനറ്റ്, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ബോര്‍ഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിര്‍ദേശിക്കാം.

കേരളത്തിലടക്കം സര്‍വകലാശാലാ വിസി നിയമനങ്ങളെ ച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോരുകള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ചട്ടം യുജിസി തിരുത്തി ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസിയുടെ ചടങ്ങളില്‍ പറയുന്നു.

വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം. അഞ്ച് വര്‍ഷത്തേക്കോ 70 വയസ്സ് തികയുന്നത് വരെയോ ആണ് നിയമനം. പുനര്‍നിയമനത്തിനും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ലംഘിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ യുജിസിയുടെ പദ്ധതികളില്‍നിന്ന് ഒഴിവാക്കുമെന്നും മാതൃഭൂമി പത്രം നല്‍കിയ വാര്‍ത്തയില്‍ പറയുന്നു. ബിരുദ, ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വിലക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പുറത്തിറക്കിയ ചട്ടത്തില്‍ വ്യക്തമാക്കി.