കര്‍ണാടകത്തില്‍ സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ നടത്തുന്ന കൊള്ളയെ നിയന്ത്രിക്കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍. മൈക്രോ ഫിനാന്‍സ് കമ്പനി നടത്തുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ആരോപിച്ച് സ്ത്രീകള്‍ താലിമാലയൂരി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു. ഇതോടെ കര്‍ണാടകയില്‍ സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്കെതിരെ നടക്കുന്ന സമരത്തിന് പുതിയ മാനം വന്നിരിക്കുകയാണ്.
കമ്പനികളുടെ ചൂഷണത്തില്‍നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള നിവേദനത്തോടൊപ്പമാണ് താലിമാലയും അയച്ചത്. ഹാവേരിയിലെ പോസ്റ്റ് ഓഫീസിനുമുന്‍പിലായിരുന്നു സമരം. റാണിബെന്നൂരിലെ കര്‍ഷകസംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
ഫിനാന്‍സ് കമ്പനികളുടെ പ്രതിനിധികള്‍ വീട്ടിലെത്തി ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്ത്രീകള്‍ പറഞ്ഞു. ഭര്‍ത്താക്കന്മാരെയും താലിമാലയെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
റാണിബെന്നൂരിലും സമീപത്തുമുള്ള താലൂക്കുകളില്‍ ഉയര്‍ന്ന പലിശനിരക്കിലാണ് ആളുകള്‍ക്ക് വായ്പ നല്‍കിയിരിക്കുന്നത്. വായ്പാഗഡുക്കള്‍ അടച്ചിട്ടും കൂടുതല്‍ പണം കമ്പനിയുടെ ആളുകള്‍ ആവശ്യപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു. കമ്പനി ഉദ്യോഗസ്ഥരെത്തി വീടുകള്‍ അടപ്പിക്കുകയും വീട്ടിലെ പുരുഷന്മാരോട് സ്ഥലം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതായും പ്രതിഷേധക്കാര്‍ പറഞ്ഞു.
Read more
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ മേലുള്ള നിയന്ത്രണം സിദ്ധരാമയ്യ സര്‍ക്കാരിന് നഷ്ടപ്പെട്ടതായി ഹാവേരി എം.പി.യും മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ ആരോപിച്ചു. സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ക്കെതിരെ നടക്കുന്ന സമരത്തിന് പിന്തുണ നല്‍കുമെന്നും ബൊമൈ അറിയിച്ചു.