ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപ്; അശോക് ഹാള്‍-അശോക് മണ്ഡപ്; പേരിടല്‍ ചടങ്ങ് ആരംഭിച്ച് മൂന്നാം മോദി സര്‍ക്കാര്‍

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ വീണ്ടും പേര് മാറ്റല്‍ നടപടി ആരംഭിച്ചു. രാഷ്ട്രപതി ഭവനിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ പേരിടല്‍ ചടങ്ങ് നടന്നത്. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരാണ് ഒടുവിലായി മാറ്റിയിരിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ആണ് ഹാളുകളെ പുനഃര്‍ നാമകരണം ചെയ്തത്.

ദര്‍ബാര്‍ ഹാള്‍, അശോക് ഹാള്‍ എന്നീ ഹാളുകളാണ് പുനഃര്‍ നാമകരണത്തിന് വിധേയമാക്കിയത്. ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപ് എന്നും അശോക് ഹാള്‍ ഇനി അശോക് മണ്ഡപ് എന്നും അറിയപ്പെടും. കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുനഃര്‍നാമകരണമെന്ന് രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം ഇത് ആദ്യമായല്ല രാഷ്ട്രപതി ഭവന്റെ വിവിധ ഭാഗങ്ങളെ പുനഃര്‍ നാമകരണത്തിന് വിധേയമാക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിനും രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള പാതയ്ക്കും കേന്ദ്ര സര്‍ക്കാര്‍ പേര് മാറ്റിയിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റ് അമൃത് ഉദ്യാന്‍ എന്നാക്കിയിരുന്നു.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള രാജ് പഥിനെ കര്‍തവ്യ പഥ് എന്ന് പുനഃര്‍നാമകരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പേര് മാറ്റല്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതി ഭവന് അകത്തേയ്ക്കും കടന്നത്. ഉത്തര്‍ പ്രദേശിലെ ഫൈസാബാദിനെ നേരത്തെ അയോധ്യ എന്ന് പുനഃര്‍നാമകരണം ചെയ്തിരുന്നു.

ദര്‍ബാര്‍ എന്ന പദം ബ്രിട്ടീഷ് രാജിന്റെ കോടതികളെ സൂചിപ്പിക്കുന്നുവെന്നും രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രാഷ്ട്രപതി ഭവന്‍ രാഷ്ട്രത്തിന്റെ പ്രതീകവും ജനസേവനത്തിന്റെ അമൂല്യമായ മാതൃകയുമാണ്. രാഷ്ട്രപതി ഭവന്റെ അന്തരീക്ഷം ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുടെയും ധാര്‍മ്മികതയുടെയും പ്രതിഫലനമാക്കുക എന്നതാണ് പേര് മാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി പ്രസ്താവനയില്‍ വ്യക്തമാക്കി.