കൈക്കൂലിയായി വാങ്ങിയത് 20 ലക്ഷം രൂപ; തമിഴ്നാട്ടിൽ ഇഡി ഉദ്യോഗസ്ഥൻ പിടിയിൽ

തമിഴ്നാട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസിൽ പിടികൂടി. ദിണ്ടിഗലിലാണ് സംഭവം. അങ്കിത് തിവാരി എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിനെ തുടർന്ന് അങ്കിത് തിവാരിയുടെ വസതിയിലും ഇഡിയുടെ മധുരയിലെ ഓഫീസിലും ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) ഉദ്യോഗസ്ഥർ പരിശോധന നടത്തി.മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

അങ്കിത് നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും അവരിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഇഡി ഉദ്യോഗസ്ഥർക്കും അദ്ദേഹം കൈക്കൂലി വിതരണം ചെയ്യുകയായിരുന്നുവെന്നും കണ്ടെത്തിയതായാണ് വിവരം.അറസ്റ്റിലായ അങ്കിത് തിവാരിയെ കോടതി ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.