പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ മരുമകളും കാമുകനും അറസ്റ്റില്‍. വിവാഹേതര ബന്ധം ദമ്പതികള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരുമകള്‍ കാമുകനെ കൂട്ടി ഭര്‍ത്താവിന്റെ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. മുന്‍ ആര്‍മി സുബേദാര്‍ മഞ്ജിത് സിംഗ്, ഭാര്യ ഗുര്‍മീത് കൗര്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം ജനുവരി ഒന്നിനായിരുന്നു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ദമ്പതികളുടെ മകന്‍ രവീന്ദര്‍ സിങ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അകത്ത് കയറിയ രവീന്ദര്‍ മാതാപിതാക്കളെ കസേരയില്‍ കെട്ടിയിട്ട ശേഷം കത്തിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ മറ്റൊരു മുറിയില്‍ കസേരയില്‍ കെട്ടിയിരിക്കുന്നതായാണ് കണ്ടത്. അജ്ഞാതരായ ചിലര്‍ കയറി വന്ന് തന്നെ കെട്ടിയിട്ട ശേഷം മാതാപിതാക്കളെ കൊലപ്പെടുത്തി എന്നായിരുന്നു ഭാര്യയുടെ മൊഴി.
എന്നാല്‍ വിവാഹേതര ബന്ധം അറിഞ്ഞതിനെ തുടര്‍ന്നാണ് ഭാര്യ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി രവീന്ദര്‍ പറഞ്ഞിരുന്നു. പലപ്പോഴും ഇക്കാര്യത്തെ ചൊല്ലി തര്‍ക്കം ഉണ്ടായിട്ടുള്ളതായും, ശാസിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗലില്‍ ജോലി ചെയ്യുന്ന രവീന്ദര്‍ ഈ അടുത്താണ് നാട്ടില്‍ തിരിച്ചെത്തിയത്.
Read more
തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ മരുമകളും കാമുകനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് കണ്ടെത്തി. ഇരുവരും ചേര്‍ന്ന് ദമ്പതികളെ ശ്വാസം മുട്ടിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു. പിന്നീട് തെളിവുകള്‍ ഇല്ലാതാക്കാന്‍ മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ മന്‍ദീപ് കൗറിനേയും ജസ്മീത് സിംഗിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ മോഷ്ടിച്ച പണവും ആഭരണങ്ങളും കണ്ടെടുത്തതായും തണ്ട ഡിഎസ്പി രാജ് കുമാര്‍ പറഞ്ഞു.