ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടുത്തം; ബംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ച് ജീവനക്കാരിയ്ക്ക് ദാരുണാന്ത്യം. രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്. ബംഗളൂരുവിലെ ഡോ രാജ്കുമാര്‍ റോഡ് നവരംഗ് ബാര്‍ ജംഗ്ഷനിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിനാണ് തീപിടുത്തമുണ്ടായത്. കമ്പനിയുടെ ക്യാഷ്യറായിരുന്നു വെന്തുമരിച്ച പ്രിയ.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയം ഷോറൂമില്‍ ആറ് ജീവനക്കാരുണ്ടായിരുന്നു. ഈ സമയം ക്യാഷിലായിരുന്ന പ്രിയയ്ക്ക് പുകയും തീയും ഉയര്‍ന്നതോടെ പുറത്തുകടക്കാനായില്ല. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.

ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. അപകടത്തിന് പിന്നാലെ ഷോറൂം ഉടമ ഒളിവില്‍ പോയെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.