രാജ്യത്തെ പൗരൻമാരുടെ വിവരകൈമാറ്റം; പുതിയ നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ

രാജ്യത്തെ പൗരൻമാരുടെ വിവരകൈമാറ്റതിന് പുതിയ നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ഗവേഷക ആവശ്യങ്ങള്‍ക്ക് ഡാറ്റാ സെറ്റുകള്‍ ആവശ്യമായ സാഹചര്യത്തിലാണ്  നയം കൊണ്ടു വരുന്നത്. പൗരൻമാരുടെ വിവരങ്ങൾ സർക്കാരിനും കമ്പനികൾക്കും ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നയം. നയത്തിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കി. വ്യക്തിഗതമല്ലാത്ത വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറാൻ കഴിയുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൈവശമുള്ള വിവരങ്ങൾ ഇതിനായി ശേഖരിക്കും.

സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങൾ പണം ഈടാക്കി ആവശ്യക്കാർക്ക് കൈമാറും. ഇതൊക്കെയാണ് വിവരകൈമാറ്റം സംബന്ധിച്ച പുതിയ കരട് നിർദ്ദേശങ്ങളിലെ പ്രധാന കാര്യങ്ങൾ. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് വിവരങ്ങൾ പ്രധാനമായും കൈമാറുക.

ശേഖരിക്കുന്ന വിവരങ്ങളിൽ ഏതൊക്കെ, ആർക്കൊക്കെ കൈമാറാം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഗവേഷക ആവശ്യങ്ങൾക്ക് ഡാറ്റാ സെറ്റുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടു വരുന്നത്. ഇത്തരം വിവരങ്ങൾ ഭരണ കാര്യങ്ങൾക്ക് ഗുണപരമാകും എന്നും വിലയിരുത്തുന്നുണ്ട്. ഇതിനായി ഇന്ത്യ ഡാറ്റാ മാനേജ്മെന്റ് ഓഫീസ് ആരംഭിക്കും.

Read more

ശേഖരിക്കുന്ന വിവരത്തിന്റെ ഉടമസ്ഥർ കേന്ദ്ര സർക്കാർ ആയിരിക്കും. സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരത്തേയും പുതിയ നയം ബാധിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതം അല്ലാത്തവ എന്ന് കൃത്യമായി നിർവചിച്ചില്ലെങ്കിൽ വിവര കൈമാറ്റത്തിൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടായേക്കും. ഐ.ടി മന്ത്രാലയത്തിന്റെ കരട് നയത്തിൻമേൽ അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ജൂൺ 11-ആണ്.