താലിബാൻ ഭീകരർ ഭരണം പിടിച്ചടക്കിയതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ നിന്നും പലായനം ചെയ്യാൻ ആഗ്രഹിച്ചവരെ ഇന്ത്യയിൽ എത്തിച്ച നടപടിയെ പരാമർശിച്ച് വിവാദമായ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങളും, അവിടുത്തെ സിഖുകാരും ഹിന്ദുക്കളും ദുരിതപൂർണമായ കാലത്തിലൂടെ കടന്നുപോകുന്നതും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയാണ് കാണിക്കുന്നതെന്ന് ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
Recent developments in our volatile neighbourhood & the way Sikhs & Hindus are going through a harrowing time are precisely why it was necessary to enact the Citizenship Amendment Act.#CAA#Sikhs
https://t.co/5Lyrst3nqc via @IndianExpress
— Hardeep Singh Puri (@HardeepSPuri) August 22, 2021
മുസ്ലീം ഭൂരിപക്ഷ അയൽരാജ്യങ്ങളിൽ പീഡനത്തിന് ഇരയാവുന്ന അമുസ്ലിംകൾ 2015 ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെങ്കിൽ അവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന പ്രസ്തുത നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു, അനുബന്ധ അക്രമങ്ങളിലും പൊലീസ് വെടിവെപ്പിലും നൂറോളം പേർ കൊല്ലപ്പെട്ടു.
ഇന്ന് രാവിലെ മാത്രം അഫ്ഗാനിസ്ഥാനിൽ നിന്നും 168 പേരെ (ഇതിൽ രണ്ട് സെനറ്റർമാർ ഉൾപ്പെടെ 28 അഫ്ഗാൻ പൗരന്മാർ ഉൾപ്പെടുന്നു) ഇന്ത്യയിൽ എത്തിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കൾക്കും സിഖുകാർക്കും സഹായം ആവശ്യമുള്ള രാജ്യത്തെ സുഹൃത്തുക്കൾക്കും കേന്ദ്ര സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
“ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുക മാത്രമല്ല, ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന സിഖ്, ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയും വേണം. സഹായത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന നമ്മുടെ അഫ്ഗാൻ സഹോദരന്മാർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകണം,” എന്ന് കഴിഞ്ഞയാഴ്ച നടന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Read more
2019 ഡിസംബറിൽ പാസാക്കിയ സിഎഎ അനുസരിച്ച് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾ മതപീഡനത്തെ തുടർന്ന് പലായനം ചെയ്യുകയും 2015 ന് മുമ്പ് ഇന്ത്യയിൽ പ്രവേശിക്കുകയും ചെയ്താൽ അവർക്ക് പൗരത്വം നൽകും.