അന്നയുടെ മരണത്തിൽ വിവാദ പ്രസ്താവനയുമായി നിർമല സീതാരാമൻ; ഇത്ര ഹൃദയ ശൂന്യരാണോ ഭരണാധികാരികളെന്ന് കോൺഗ്രസ്

അമിതജോലി സമ്മർദത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിവാദ പ്രസ്താവന നടത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കോൺഗ്രസ് രംഗത്ത്. പുണെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ)യിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ജോലി സമ്മര്‍ദ്ദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് കേന്ദ്രമന്ത്രി ഇന്നലെ പറഞ്ഞത്. ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ നടന്ന ചടങ്ങിലായിരുന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശം. ‘ജോലി സമ്മര്‍ദം മൂലം പെണ്‍കുട്ടി മരിച്ച വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് കണ്ടത്. ക്യാംപസ് റിക്രൂട്ട്‌മെന്റ് വഴി ജോലി നേടാനാണ് കോളേജില്‍ നിന്ന് പഠിപ്പിച്ചുകൊടുക്കുന്നത്. എത്ര വലിയ ജോലി കിട്ടിയാലും സമ്മര്‍ദ്ദങ്ങളെ നേരിടാന്‍ വീട്ടില്‍ നിന്ന് പഠിപ്പിക്കണം. ദൈവത്തെ ആശ്രയിച്ചാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ കഴിയും’ – നിർമല സീതാരാമൻ പറഞ്ഞു.

‘ദൈവത്തിൽ വിശ്വസിക്കുക, നമുക്ക് ദൈവകൃപ ഉണ്ടായിരിക്കണം. ദൈവത്തെ അന്വേഷിക്കുക, നല്ല അച്ചടക്കം പഠിക്കുക. നിങ്ങളുടെ ആത്മശക്തി ഇതിൽ നിന്ന് മാത്രമേ വളരുകയുള്ളൂ. ആത്മശക്തി വളരുമ്പോൾ മാത്രമേ ആന്തരിക ശക്തി ഉണ്ടാകൂ… വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദൈവികതയും ആത്മീയതയും കൊണ്ടുവരണം. അപ്പോൾ മാത്രമേ നമ്മുടെ കുട്ടികൾക്ക് ആന്തരിക ശക്തി ലഭിക്കൂ. അത് അവരുടെ പുരോഗതിക്കും നാടിനും സഹായകമാകും. അതാണ് എൻ്റെ ശക്തമായ വിശ്വാസം’- കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

‘അദാനിയെയും അംബാനിയെയും പോലുള്ള കോർപ്പറേറ്റ് ഭീമൻമാരുടെ വേദന മാത്രമേ ഭരണാധികാരികൾക്കും ധനമന്ത്രിക്കും കാണാനാകൂ എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി പ്രതികരിച്ചത്. അവർക്ക് അന്നയെപ്പോലുള്ള അത്യാഗ്രഹികളായ കോർപ്പറേറ്റ് വ്യവസ്ഥിതി ചൂഷണം ചെയ്യുന്ന കഠിനാധ്വാനികളും അധ്വാനിക്കുന്നതുമായ യുവതലമുറയുടെ വേദന കാണാനാകില്ല, ഈ തൊഴിലില്ലായ്മയുടെ കാലത്ത് ഇത്തരമൊരു ജോലി അവർ കരസ്ഥമാക്കിയത്തിനെ പറ്റിയും അവർ ചിന്തിക്കുന്നില്ല.

ജോലി സമ്മർദത്തെ നേരിടാൻ വീട്ടിൽ നിന്ന് പഠിക്കണം എന്ന് നിർദ്ദേശിച്ചത് അന്നയെയും കുടുംബത്തെയും ക്രൂരമായി കുറ്റപ്പെടുത്തുന്നതിന് തുല്യമാണ്. ഇത്തരത്തിലുള്ള ഇരയെ കുറ്റപ്പെടുൽ നിന്ദ്യമാണ്, എത്ര ഹൃദയശൂന്യരാണ് ഭരണാധികൾ? അവർക്ക് സഹാനുഭൂതിയുടെ എല്ലാ ബോധവും നഷ്ടപ്പെട്ടോ?

ഈ ഭയാനകമായ ദുരന്തത്തിൽ നിന്ന് രക്ഷിതാക്കൾ കരകയറുന്നതേയുള്ളു. വിഷലിപ്തമായ തൊഴിൽ അന്തരീക്ഷം കോർപ്പറേറ്റ് പ്രവർത്തനങ്ങളുടെ സത്യസന്ധമായ അവലോകനത്തിന് കാരണമാവുകയും ജീവനക്കാരെ സംരക്ഷിക്കുന്ന ആവശ്യമായ പരിഷ്കാരങ്ങളിലേക്ക് നയിക്കുകയും വേണം- എന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്രമന്ത്രിയുടെ പ്രസ്താവന കുടുംബം തള്ളി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകള്‍ പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാല്‍ മകളെ ചെറുപ്പംമുതല്‍ തന്നെ അത്മവിശ്വാസം കൊടുത്ത് തന്നെയാണ് വളര്‍ത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു. കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലായ്‌ 20നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിസമ്മർദത്തെ തുടർന്നാണ് മകൾ മരിച്ചതെന്നു ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഇവൈ ടെക്‌നോളജീസിന് എഴുതിയ കത്ത് പുറത്തു വന്നതിനെത്തുടർന്നാണ് സംഭവം വിവാദമായത്.