കർഷക സമരത്തിൻറെ ഭാഗമായി നടന്ന ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയ്ക്കു മുകളിൽ സിഖ് പതാക നാട്ടിയവർക്ക് ഖലിസ്ഥാൻ വിഘടനവാദികളുമായി ബന്ധമുണ്ടോയെന്ന അന്വേഷണവുമായി ഇന്റലിജൻസ് ഏജൻസികൾ. സിഖ് ഗുരുദ്വാരകളിലുംമറ്റും കെട്ടാറുള്ള സിഖ് മതവിശ്വാസികളുടെ വിശുദ്ധ (നിഷാൻ സാഹിബ്) പതാകയാണ് ചെങ്കോട്ടയിലെ കൊടിമരത്തിൽ കെട്ടിയത്. പഞ്ചാബ് താൻ തരൺ ജില്ലയിലെ വാൻതാരാസിംഗ് ഗ്രാമക്കാരനായ ജുഗ്രാജ് സിംഗ് എന്ന യുവാവാണ് കൊടി നാട്ടിയതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇയാളുടെ ബന്ധു അഭിമാനത്തോടെ ഇക്കാര്യം പങ്കുവെയ്ക്കുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് രണ്ടരലക്ഷംരൂപ പ്രതിഫലം നൽകുമെന്ന് നിരോധിതസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് രണ്ടാഴ്ചമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്നുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണോ കിസാൻ പരേഡിന്റെ റൂട്ടു മാറ്റി കർഷകരിൽ ഒരുവിഭാഗം എത്തിയതെന്ന് അന്വേഷിക്കുകയാണ് ഇന്റലിജൻസ് ഏജൻസികൾ. ചെങ്കോട്ടയിലെ സി.സി.ടി.വി ഉൾപ്പെടെയുള്ള ദൃശ്യങ്ങളും വിശദമായി പരിശോധിക്കും.
ചെങ്കോട്ടയിൽ സിഖ് പതാക നാട്ടിയതടക്കമുള്ള സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ പഞ്ചാബി ചലച്ചിത്രതാരം ദീപ് സിദ്ദു ആണെന്നാണ് ആരോപണം. ഡൽഹി ഔട്ടർ റിംഗ് റോഡിലൂടെ ട്രാക്ടർറാലി നടത്താനുള്ള കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ ആസൂത്രണത്തിൽ സിദ്ദുവും പങ്കാളിയായി.
കൊടിമരത്തിൽ സിഖ് പതാക നാട്ടാൻ നേതൃത്വം നൽകിയത് സിദ്ദുവാണെന്നാണ് വിവരം. ഇതിനുശേഷം സിദ്ദു ഫെയ്സ്ബുക്ക് ലൈവ് നടത്തി. ഈ വേളയിൽ കർഷകരിൽ ചിലർ ക്ഷുഭിതരായി, ‘സമരം നശിപ്പിച്ചതു നീയാണെ’ന്ന് സിദ്ദുവിനെ കുറ്റപ്പെടുത്തുന്നതിന്റെയും ശകാരങ്ങൾക്കൊടുവിൽ ബൈക്കിൽ കയറി പോവുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ, ഒറ്റയ്ക്ക് തനിക്കെങ്ങനെ ഇത്രയുംപേരെ ചെങ്കോട്ടയിൽ എത്തിക്കാൻ കഴിയുമെന്നാണ് കർഷകരുടെ വിമർശനങ്ങളോട് സിദ്ദുവിന്റെ പ്രതികരണം.
Read more
വിഘടനവാദികളായ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട കേസിൽ സിദ്ദുവിനും സഹോദരൻ മൻപ്രീത് സിംഗിനുമെതിരേ അടുത്തിടെ എൻ.ഐ.എ. നോട്ടീസ് അയച്ചിരുന്നു.