രാജ്യത്ത് ഓരോ ആഴ്ചയിലും അഞ്ചു ബലാത്സംഗക്കൊല, മുന്നിൽ യുപി; 2017- 2022 കാലയളവിലെ പഠന റിപ്പോർട്ട് പുറത്ത്

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടയിൽ ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഈ റിപ്പോര്‍ട്ട് പ്രകാരം 2017 നും 2022 നും ഇടയില്‍ 1,551 ബലാത്സംഗക്കൊലപാതകങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കാലയളവില്‍ ഓരോ ആഴ്ചയും ശരാശരി അഞ്ച് ബലാത്സംഗക്കൊലപാതകങ്ങളാണ് (4.9) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ ബലാത്സംഗക്കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 2018ലും (294) ഏറ്റവും കുറവ് 2020ലു മാണ് (219). 2017ല്‍ ഇത് 223 ആയിരുന്നു. 2019- 283, 2021-284, 2022-248 എന്നിങ്ങനെയാണ് മറ്റുവര്‍ഷങ്ങളിലെ കണക്ക്. ആറുവര്‍ഷത്തെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പ്രകാരം യുപിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് (280), മധ്യപ്രദേശ് (207), അസം (205), മഹാരാഷ്ട്ര (155), കര്‍ണാടക (79) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ബലാത്സംഗക്കൊലക്കേസുകളുടെ വിവരം.

കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് നടത്തിയ വിശകലനപ്രകാരം 1,551 കേസുകളുടെ എണ്ണം കണക്കിലെടുത്താല്‍ വാര്‍ഷിക ശരാശരി 258 കേസുകളാണ്. ഈ കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2017 മുതലാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ബലാത്സംഗത്തിനു ശേഷമുള്ള കൊലപാതകങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രത്യേകമായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.

വിചാരണ പൂര്‍ത്തിയായ 308 കേസുകളില്‍ 200 എണ്ണത്തില്‍ (65%) മാത്രമാണ് ശിക്ഷവിധി ഉണ്ടായത്. ആറു ശതമാനം കേസുകളില്‍ കുറ്റപത്രം തള്ളുകയായിരുന്നെങ്കില്‍ 28 ശതമാനം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷാ നിരക്ക് 2017ലായിരുന്നു ഏറ്റവും താഴ്ന്നത് (57.89%), ഏറ്റവും ഉയര്‍ന്നത് 2021ല്‍ (75%) ആയിരുന്നു. 2022ല്‍ ഇത് 69 ശതമാനമായിരുന്നു. എന്‍സിആര്‍ബിയുടെ പഠന കാലയളവില്‍ വിചാരണ കോടതികളില്‍ ബലാത്സംഗക്കൊലപാതക കേസുകളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പഠനത്തിന്‍ കീഴിലുള്ള ആറ് വര്‍ഷങ്ങളില്‍ നാലിലും കോവിഡ് കാലത്തുപോലും കുറ്റപത്രത്തിന്റെ നിരക്ക് 90 ശതമാനത്തിന് മുകളിലായിരുന്നു.