ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു സൈനിക ഉദ്യോഗസ്ഥനും മറ്റ് നാല് സൈനികരും കൊല്ലപ്പെട്ടു. ഏതാനും ദിവസം മുമ്പ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ അഞ്ച് ആയുധധാരികളായ ഭീകരരുമായി സൂറൻകോട് മേഖലയിൽ കനത്ത വെടിവെയ്പ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് അതിരാവിലെ ദേര കി ഗാലിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ സൈനികർ ഭീകര വിരുദ്ധ പ്രവർത്തനം ആരംഭിച്ചിരുന്നു. ഒളിച്ചിരുന്ന ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തു, വെടിവെയ്പ്പിനെ തുടർന്ന് ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർക്കും മറ്റ് നാല് സൈനികർക്കും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ഏതാനും ദിവസം മുമ്പ് നിയന്ത്രണരേഖ കടന്ന് നുഴഞ്ഞു കയറിയ ഒരു സംഘം തീവ്രവാദികളുടെ സാന്നിദ്ധ്യം ചമ്രർ വനമേഖലയിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

തീവ്രവാദികൾ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടയ്ക്കുന്നതിനായി പ്രദേശത്ത് സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളിൽ കശ്മീർ താഴ്വരയിൽ വർദ്ധിച്ചു വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്കും പാകിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനത്തിനും ഇടയിലാണ് സംഭവം.