സുരേഷ് ഗോപി മുതൽ കങ്കണ വരെ; ലോക്സഭയിലേക്കെത്തിയ സിനിമാ താരങ്ങൾ ഇവരൊക്കെയാണ്

18-ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം പുറത്തുവന്നതോടെ സർക്കാർ രൂപീകരിക്കാനുള്ള തിടുക്കത്തിലാണ് എൻഡിഎയും ഇന്ത്യ മുന്നണിയും. ഒറ്റയ്ക്കുളള ഭൂരിപക്ഷം ഒരു പാർട്ടിക്കും നേടാൻ സാധിച്ചിട്ടില്ലാത്തതിനാൽ നിർണായകമാണ് ഓരോ നീക്കങ്ങളും. ഇരു മുന്നണികൾക്കും ഈ തിരഞ്ഞെടുപ്പ് ഏറെ നിർണായയകം ആയിരുന്നതുകൊണ്ട് തന്നെ പ്രമുഖരെയും ജനപ്രിയരെയും സിനിമ- സീരിയൽ താരങ്ങളെയും രംഗത്തിറക്കാൻ ഇരു കൂട്ടരും ശ്രദ്ധിച്ചിരുന്നു. ഇവരിൽ പലരും വിജയിക്കുകയും ചെയ്തു.

കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി മുതൽ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് വിജയിച്ച ബോളിവുഡ് താരം കങ്കണ റണാവത്ത് വരെയുണ്ട് ഈ വിജയിച്ചവരുടെ ലിസ്റ്റിൽ. 18-ാം ലോക്‌സഭയിലേക്ക് വിജയിച്ചു കയറിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

സുരേഷ് ഗോപി

കേരളത്തിൽ താമര വിരിയിച്ചുവെന്ന ക്രെഡിറ്റ് ഇനി സുരേഷ് ഗോപിക്ക് സ്വന്തമാണ്. വലിയ വിജയമാണ് തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചത്. 2014 , 2019ലും തൃശൂരിൽ നിന്ന് വൻ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. സിപിഐയുടെ വിഎസ് സുനിൽകുമാറും കോൺഗ്രസിന്റെ കെ മുരളീധരനുമായിരുന്നു എതിർ സ്ഥാനാർഥികൾ.

കങ്കണ റണാവത്ത്

ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നായിരുന്നു മത്സരിച്ചത്. കോൺഗ്രസന്റെ പ്രമുഖ സ്ഥാനാർഥി വിക്രമാദിത്യ സിങ്ങിനെയാണ് കങ്കണ മണ്ഡലത്തിൽ തോൽപ്പിച്ചത്. 74755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദ്വേഷ പ്രസംഗങ്ങളും മണ്ടത്തരങ്ങളും പറഞ്ഞ് കങ്കണ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. എന്നാൽ ഈ പരാമർശങ്ങൾ ഒന്നും കങ്കണയുടെ വോട്ട് കുറച്ചില്ല.

ഹേമമാലിനി

ബിജെപി സ്ഥാനാർഥിയായ ഹേമമാലിനി യുപിയിലെ മഥുരയിൽ നിന്നാണ് വിജയിച്ചത്. 293407 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹേമമാലിനി മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറിയത്. കോൺഗ്രസിന്റെ മുകേഷ് ധനഗർ ആയിരുന്നു എതിർ സ്ഥാനാർഥി.

അരുൺ ഗോവിൽ

രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിലും വിജയിച്ച സ്ഥാനാർഥികളുടെ പട്ടികയിൽ ഇടംപിടിച്ചു. ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അരുൺ ഗോവിൽ മത്സരിച്ചത്. കടുത്ത മത്സരത്തിന് ഒടുവിലാണ് അരുൺ മീററ്റിൽ വിജയിച്ചത്. 10585 ആണ് ഭൂരിപക്ഷം.

ശത്രുഘ്‌നൻ സിൻഹ

പശ്ചിമബംഗാളിൽ അസൻസോൾ ലോക്സഭാ മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടായിരുന്നു ശത്രുഘ്‌നൻ സിൻഹ മത്സരിച്ചത്. 59,564 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ശത്രുഘ്‌നൻ സിൻഹ മണ്ഡലത്തിൽ വിജയിച്ചത്. മുൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർഥിയുമായ സുരേന്ദ്രജീത് സിംഗ് അലുവാലിയയിരുന്നു ശത്രുഘ്‌നൻ സിൻഹയുടെ പ്രധാന എതിരാളി.

മനോജ് തിവാരി

ഭോജ്പൂരി താരമായ മനോജ് തിവാരി ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്ന് മത്സരിച്ച മനോജ് തിവാരി പ്രമുഖനായ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിനെയാണ് പരാജയപ്പെടുത്തിയത്. 138778 വോട്ടിന്റെ ഭൂരിപഷമാണ് മനോജ് തിവാരിക്ക് ലഭിച്ചത്.

രവി കിഷൻ

ഭോജ്പുരി നടനായ രവികിഷൻ ബിജെപി സ്ഥാനാർഥിയായിട്ടായിരുന്നു മത്സരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് എസ്പിയുടെ കാജൽ നിഷാദിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രവി കിഷൻ വിജയിച്ചത്.

രചന ബാനർജി

ബംഗാളിൽ താരപോരാട്ടം നടന്ന മറ്റൊരു മണ്ഡലമായിരുന്നു ഹുഗ്ലി. ബംഗാളി നടിമാരായ രചന ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടിയും ലോക്കറ്റ് ചാറ്റർജി ബിജെപിക്ക് വേണ്ടിയും മത്സരിച്ചു. കടുത്ത മത്സരത്തിന് ഒടുവിൽ രചന ബാനർജി 60,000 വോട്ടുകൾക്ക് വിജയിക്കുകയായിരുന്നു.

ദേവ് അധികാരി

ബംഗാളി നടനായ ദേവ് അധികാരി തൃണമൂൽ സ്ഥാനാർഥിയായി പശ്ചിമബംഗാളിലെ ഘട്ടൽ മണ്ഡലത്തിലായിരുന്നു മത്സരിച്ചത്. ബംഗാളി നടനായ ഹിരൺ ചാറ്റർജിയായിരുന്നു എതിർ സ്ഥാനാർത്ഥിയെങ്കിലും 1,82,868 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദേവ് അധികാരി വിജയിക്കുകയിരുന്നു.

സതാബ്ദി റോയ്

ബംഗാളി നടിയും മൂന്ന് തവണ തൃണമൂൽ എംപിയുമായ സതാബ്ദി റോയ് വിജയിച്ചത് ബിർഭൂം മണ്ഡലത്തിൽ നിന്നാണ്. ബിജെപി സ്ഥാനാർഥിയോട് 197650 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സതാബ്ദി റോയ് ജയിച്ചത്.

ഇതിന് പുറമെ ആന്ധ്രാ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ നടൻ നന്ദമുരി ബാല കൃഷ്ണയും (ടിഡിപി, ഹിന്ദുപൂർ, 12,713 വോട്ടുകൾ), സൂപ്പർ സ്റ്റാർ പവൻ കല്യാൺ (ജെഎസ്പി, പിതപുരം 58,546 വോട്ടുകൾ) വിജയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പരാജയപ്പെട്ട താരങ്ങൾ ഇവരൊക്കെയാണ്

  1. രാധിക ശരത്കുമാർ (ബിജെപി, വിരുദുനഗർ, തമിഴ്നാട് ) – 218985 വോട്ടുകൾക്ക് തോറ്റു
  2. ലോക്കറ്റ് ചാറ്റർജി (ബിജെപി, ഹൂഗ്ലി, പശ്ചിമ ബംഗാൾ) – 76853 വോട്ടുകൾക്ക് തോറ്റു
  3. പവൻ സിംഗ് (സ്വതന്ത്രൻ, കാരക്കാട്ട്, ബിഹാർ) – 105858 വോട്ടുകൾക്ക് തോറ്റു
  4. മുകേഷ് (സിപിഐഎം, കൊല്ലം) – 150302 വോട്ടുകൾക്ക് തോറ്റു
  5. ജി കൃഷ്ണകുമാർ (ബിജെപി, കൊല്ലം) – 280418 വോട്ടുകൾക്ക് തോറ്റു