നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനമായിരുന്നു ഗൃഹലക്ഷ്മി പദ്ധതി. തൊഴിൽ രഹിതരായ നികുതിദായകരല്ലാത്ത സ്ത്രീകളുടെ അക്കൗണ്ടിൽ പ്രതിവർഷം 24,000 രൂപ നിക്ഷേപിക്കുന്ന പദ്ധതി അധികാരത്തിൽ എത്തിയപ്പോൾ നടപ്പിലാക്കാനും കോൺഗ്രസ് സർക്കാർ തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കാൻ തുടങ്ങിയതോടെ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരാളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്.
ആധാർ കാർഡോ മറ്റു ഔദ്യോഗിക രേഖകളോ വീടോ വീട്ടു നമ്പറോ റേഷൻ കാർഡോ ഒന്നും ഇല്ലാത്ത, സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ പ്രയോക്താവാകാൻ ഒരിടത്തും അപേക്ഷ നൽകിയിട്ടില്ലാത്ത മൈസൂരുവിലെ ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ചാമുണ്ഡേശ്വരി ദേവിയാണ് ഗൃഹലക്ഷ്മി പദ്ധതിയുടെ ഏറ്റവും പുതിയ പ്രയോക്താവ്.
ഇനി മുതൽ കർണാടക സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഗൃഹലക്ഷ്മി പദ്ധതി പ്രകാരം മാസം 2,000 രൂപ ചാമുണ്ഡേശ്വരിയെ തേടി വരും. പദ്ധതിയിൽ ദേവിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി കഴിഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക ഉന്നമനവും ശാക്തീകരണവും ലക്ഷ്യം വെച്ചായിരുന്നു കോൺഗ്രസ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത്.
മൈസൂരു ചാമുണ്ഡി ക്ഷേത്രത്തിൽ പ്രാർഥിച്ചു ചാമുണ്ഡേശ്വരിക്ക് മുന്നിൽ അഞ്ചു ഗ്യാരണ്ടികളും സമർപ്പിച്ചു വോട്ടർമാരോട് സത്യം ചെയ്തായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. പദ്ധതി നടപ്പിലാക്കും മുൻപും ക്ഷേത്രത്തിലെത്തി ഇരുവരും ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തിരുന്നു.
Read more
കോൺഗ്രസ് നേതാവായ ദിനേശ് ഗൂളിഗൗഡ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചാണ് കർണാടക സർക്കാർ ഇപ്പോൾ ചാമുണ്ഡേശ്വരി ദേവിയെ പദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. കർണാടകയിലെ ഹിന്ദു മത വിശ്വാസികൾ സംസ്ഥാനത്തിന്റെ കാവൽ ദേവിയായി കരുതുന്ന പ്രതിഷ്ഠയാണ് ചാമുണ്ഡേശ്വരി ദേവിയുടേത്. കർണാടകയിൽ ഏറ്റവുമധികം വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.