കോവിഡ് വ്യാപനം മൂലം ആശുപത്രികൾ തിങ്ങി നിറഞ്ഞ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് അവശനായ പിതാവിന് വൈദ്യസഹായം ആവശ്യപ്പെട്ട് ഹൃദയം തകരുന്ന അഭ്യർത്ഥനയുമായി മകൻ. “ഒന്നുകിൽ അദ്ദേഹത്തിനൊരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവെച്ച് അദ്ദേഹത്തെ കൊന്നു കളഞ്ഞേക്കൂ” എന്നാണ് ചന്ദ്രപൂർ സ്വദേശിയായ കിഷോര്‍ നഹര്‍ഷെട്ടിവര്‍ എന്ന യുവാവിന്റെ അഭ്യർത്ഥന.
മഹാരാഷ്ട്രയിലും തെലങ്കാനയിലുമുള്ള നിരവധി ആശുപത്രികളിലാണ് പിതാവിനെയും കൊണ്ട് ഈ യുവാവ് 24 മണിക്കൂറിനുള്ളിൽ കയറിയിറങ്ങിയത്. എന്നാൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് കുത്തനെയുണ്ടായ വർദ്ധനയെ തുടർന്ന് ഒരിടത്തും മതിയായ ആരോഗ്യ സംവിധാനങ്ങളില്ല. ആശുപത്രികൾ എല്ലാം തന്നെ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്.
മുംബൈയിൽ നിന്ന് 850 കിലോമീറ്റർ അകലെയുള്ള ചന്ദ്രപുരിൽ കഴിഞ്ഞ 24 മണിക്കൂറായി രോഗികളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. രോഗികളുടെ പെട്ടെന്നുള്ള ഒഴുക്ക് നിലവിലുള്ള ആരോഗ്യസംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ് കാരണം. വൃദ്ധരായ രോഗികളെയൊക്കെ ആശുപത്രിക്കു പുറത്ത് പാർക്കു ചെയ്തിരിക്കുന്ന ആംബുലൻസുകളിൽ കിടത്തിയിരിക്കുകയാണെന്നാണു റിപ്പോർട്ട്. അത്തരത്തിൽ ഒരു ആംബുലൻസിലാണ് സാഗറിന്റെ പിതാവും.
‘ഇന്നലെ വൈകിട്ട് 3 മുതൽ മുതൽ ഞാൻ ചികിത്സയ്ക്കായി ഓടുകയാണ്. ആദ്യം വറോറ ആശുപത്രിയിൽ പോയി, പിന്നീട് ചന്ദ്രപുരിലെ ആശുപത്രിയിലും. ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെയും കിടക്ക ഒഴിവില്ലായിരുന്നു. രാത്രി ഒന്നരയോടെ തെലങ്കാനയിലേക്കു പോയി. വെളുപ്പിനെ മൂന്നോടെ തെലങ്കാനയിൽ എത്തിയെങ്കിലും അവിടുത്തെ ആശുപത്രികളിലും കിടക്ക ഒഴിവില്ലായിരുന്നു. രാവിലെയോടെ ഞങ്ങൾ തിരിച്ചെത്തി, ഇവിടെ കാത്തിരിക്കുകയാണ്.’– സാഗർ ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഓക്സിജന്റെ ലഭ്യതക്കുറവ് സാഗറിന്റെ പിതാവിന്റെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഈ അവസ്ഥയിൽ പിതാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും ഒന്നുകിൽ അദ്ദേഹത്തിന് ചികിത്സ നൽകാനോ അല്ലെങ്കിൽ ഒരു ഇഞ്ചക്‌ഷൻ നൽകി കൊല്ലാനോ ആണ് വികാരഭരിതനായി സാഗർ പറയുന്നത്.
രാജ്യത്ത് കോവിഡ് ഏറ്റവും മോശമായി പടർന്നുപിടിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിവസം ചെല്ലുംതോറും രോഗികൾ ചികിത്സയ്ക്കായി നട്ടംതിരിയുകയാണ്. രോഗികളുടെ അതിപ്രസരം മൂലം വെന്റിലേറ്ററുകൾക്കും ഓക്സിജനും കിടക്കകൾക്കും വൻ ക്ഷാമമാണു സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചന്ദ്രപുരിൽ മാത്രം 850 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആറു പേർ മരിച്ചു. നിലവിൽ ഇവിടെ മാത്രം 6953 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 60,212 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്.
Read more
രോഗവ്യാപനം മൂർച്ഛിച്ച സാഹചര്യത്തിൽ ഇന്നു രാത്രി 8 മുതൽ 15 ദിവസത്തേക്ക് കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 144 ഏർപ്പെടുത്തും. അവശ്യസാധന, സേവന മേഖലയ്ക്കു പുറത്തുള്ള എല്ലാ സ്ഥാപനങ്ങളും അടയ്ക്കും. അവശ്യ മേഖലയിലുള്ളവ രാവിലെ 7 മുതൽ രാത്രി 8 വരെ മാത്രം പ്രവർത്തിക്കും. ലോക്കൽ ട്രെയിൻ അടക്കം പൊതുഗതാഗത സംവിധാനം അവശ്യമേഖലയിലുള്ളവർക്കും അടിയന്തര യാത്രക്കാർക്കും മാത്രമായിരിക്കും. അനാവശ്യ യാത്രകൾ അനുവദിക്കില്ല.