ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണം; സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേല്‍പ്പിച്ചു; രൂക്ഷവിമര്‍ശനവുമായി സിപിഎം

ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അമിത് ഷായുടെ പരാമര്‍ശം രാജ്യമാസകലമുള്ള ജനവികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ്. ഈ പരാമര്‍ശത്തെ അപലപിക്കുന്നു. ഭരണഘടനാ ചര്‍ച്ചയില്‍ തന്നെ ഭരണഘടയുടെ ശില്പിയായ അംബേദ്കറിനെതിരെ അമിത് ഷാ നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ മനുവാദ മനോഭാവം പുറത്തുകൊണ്ടുവരുന്നതാണ്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമിത്ഷായ്ക്ക് നല്‍കിയ പിന്തുണ മനസാക്ഷിക്ക് നിരക്കാത്തതാണ്. ആഭ്യന്തരമന്ത്രിയായി തുടരാന്‍ അമിത്ഷായ്ക്ക് അവകാശമില്ല സിപിഎം പറഞ്ഞു.

അതേസമയം, അംബേദ്കര്‍ വിരുദ്ധ നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭയില്‍ അദാനിയുമായി ബന്ധപ്പെട്ട ചര്‍ച്ച തടഞ്ഞുവെന്നും രാഹുല്‍ ആരോപിച്ചു.

മോദിക്ക് അദാനിയാണ് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ല. പാര്‍ലമെന്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ തടഞ്ഞു. എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ ആരോപണങ്ങള്‍.

അതേസമയം പരിക്ക് പറ്റിയെന്ന് പറഞ്ഞു ബിജെപി എംപിമാര്‍ രംഗത്തുവന്നപ്പോള്‍ ഭരണപക്ഷത്തിന് നേതൃത്വം നല്‍കുന്ന ബിജെപിയുടെ എംപിമാര്‍ വടിയുമായി തങ്ങളെ പാര്‍ലമെന്റില്‍ തടഞ്ഞെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

തങ്ങള്‍ പാര്‍ലമെന്റിലേക്ക് കടക്കുമ്പോള്‍ ബിജെപി എംപിമാര്‍ വടികളുമായി പ്രവേശനം തടഞ്ഞുവെന്നും അംബേദ്കറെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും അദാനി ഗ്രൂപ്പിന്റെ വിഷയത്തില്‍ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരത്തില്‍ വാക്കേറ്റം സൃഷ്ടിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം.

ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവര്‍ക്ക് രാഹുല്‍ ഗാന്ധി തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപണം ഉന്നയിച്ചതോടെ പ്രതിഷേധത്തില്‍ തന്റെ കാല്‍മുട്ടുകള്‍ക്ക് പരുക്കേറ്റതായി കോണ്‍ഗ്രസ് മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.