"ഡാന" ചുഴലിക്കാറ്റ്; ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട “ഡാന” ചുഴലിറ്റ് ശക്തിപ്രാപിച്ചതിനെ തുടർന്ന് ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓറഞ്ച് അലർട്ടാണ് ഇവിടെ പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഒക്ടോബർ 23 മുതൽ 25 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ബുധനാഴ്ച രാവിലെ ‘ദന’ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ ഒക്ടോബർ 25 വരെ120 വേഗതയിൽ കാറ്റ് വീശുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 23 മുതൽ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തും പുറത്തും കാറ്റിൻ്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ക്രമേണ മണിക്കൂറിൽ 100-110 കിലോമീറ്റർ വരെ കാറ്റിന്റെ വേഗത ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഒക്‌ടോബർ 24 രാത്രി മുതൽ ഒക്‌ടോബർ 25 രാവിലെ വരെ മണിക്കൂറിൽ 120 കി.മീ. ശക്തമായ ചുഴലിക്കാറ്റ് കണക്കിലെടുത്ത് സൗത്ത് ഈസ്റ്റേൺ റെയിൽവേ അധികാരപരിധിയിലൂടെ ഓടുന്ന 150-ലധികം എക്സ്പ്രസ്/പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയതായി എസ്ഇആർ ഉദ്യോഗസ്ഥൻ അറിയിച്ചു.