മണിപ്പൂർ കലാപം; രാഷ്ട്രപതിയെ കാണാനൊരുങ്ങി പ്രതിപക്ഷ സഖ്യം

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി. മണിപ്പൂര്‍ സന്ദര്‍ശിച്ച പ്രതിപക്ഷസഖ്യത്തിലെ എംപിമാർ ഉൾപ്പെടുന്ന സംഘമാണ് രാഷട്രപതി ദ്രൗപതി മുർമ്മുവിനെ കാണുക. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച.

കലാപ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ സഖ്യം തയ്യാറാക്കിയ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് കൈമാറും. കലാപം നേരിടാനുള്ള നടപടികളുടെ കാര്യത്തിൽ സംസ്ഥാന, കേന്ദ്രസര്‍ക്കാരുകളുടെ പരാജയം ചൂണ്ടിക്കാട്ടാനൊരുങ്ങുന്ന സഖ്യം ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ തേടുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ദമാകുവാനാണ് സാധ്യത. അവിശ്വാസ പ്രമേയ ചര്‍ച്ച വൈകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ഇന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയിട്ടുണ്ട്. സഭ മറ്റ് നടപടികള്‍ ഉപേക്ഷിച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആവശ്യം.

എന്നാൽ അവിശ്വാസപ്രമേയ അവതരണത്തിന് മുന്‍പ് സഭയുടെ മേശപ്പുറത്തുള്ള എല്ലാ ബില്ലുകളും പാസാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.ഇന്ന് ലോകസഭ ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലും രാജ്യസഭ വന സംരക്ഷണ ഭേഭഗതി ഉള്‍പ്പടെയുള്ള 3 ബില്ലുകളും പരിഗണിക്കും.