ഇരുപത് രൂപയെ ചൊല്ലിയുള്ള തർക്കം, ഇഡ്‌ലി വിൽപ്പനക്കാരനെ മൂന്ന് ഉപഭോക്താക്കൾ കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മീര റോഡിൽ 20 രൂപയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 26കാരനായ വഴിയോര ഇഡ്‌ലി കച്ചവടക്കാരനെ മൂന്ന് അജ്ഞാത ഉപഭോക്താക്കൾ കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

വീരേന്ദ്ര യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച, മൂന്ന് ഉപഭോക്താക്കൾ ഇദ്ദേഹത്തിന്റെ റോഡ് അരികിലുള്ള കടയിൽ വന്ന് 20 രൂപ തിരിച്ച് കിട്ടാനുണ്ടെന്ന് പറഞ്ഞു. താമസിയാതെ ഇതിന്റെ പേരിൽ തർക്കം ഉടലെടുക്കുകയും അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

മൂവരും കച്ചവടക്കാരനെ തള്ളിയിട്ടതിനെ തുടർന്ന് അയാൾ താഴെ വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. മറ്റുള്ളവർ വീരേന്ദ്ര യാദവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നതായി ഡോക്ടർ പ്രഖ്യാപിച്ചു.

Read more

ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മീര റോഡിലെ നയാ നഗർ പൊലീസ് സ്റ്റേഷനിൽ മൂന്ന് പ്രതികൾക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താൻ മീരാ ഭയന്ദർ-വസായ് വിരാർ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.