'ഗംഗാജലം അത്ര ശുദ്ധമെങ്കിൽ കുടിച്ച് കാണിക്കൂ'; യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സംഗീതസംവിധായകൻ വിശാൽ ദദ്‌ലാനി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സംഗീതസംവിധായകൻ വിശാൽ ദദ്‌ലാനി. മഹാകുംഭമേളയിലെ കോളിഫോം ബാക്ടീരിയ വിവാദത്തിൽ പ്രസ്താവന നടത്തിയത്തിനെതിരെയാണ് വെല്ലുവിളി. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല, കുടിക്കാൻ പോലും കഴിയുന്നതാണെന്നതായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം.

ഗംഗാദിയിൽ പലയിടത്തും മനുഷ്യവിസർജ്യത്തിൽ കാണപ്പെടുന്ന കോളിഫോം ബാക്‌ടീരിയ ഉയർന്ന അളവിൽ കാണപ്പെടുന്നുവെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടിനെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. സനാതന ധർമ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് കുംഭമേളയിൽ പുണ്യസ്‌നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വെച്ച് കളിക്കുന്നതിന് തുല്യമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല, കുടിക്കാൻ പോലും കഴിയുന്നതാണെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തിരുന്നു.


ഇതിനെതിരെയാണ് സംഗീതസംവിധായകൻ വിശാൽ ദദ്‌ലാനി രംഗത്തെത്തിയത്. ‘വിദ്വേഷമുള്ളവരെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, സർ. ഞങ്ങൾ താങ്കളെ വിശ്വസിക്കുന്നു. താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക, കാമറയെ സാക്ഷി നിർത്തി നദിയിൽ നിന്ന് നേരിട്ട് വെള്ളം കോരിക്കുടിക്കൂ… – വിശാൽ ദദ്‌ലാനി ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ യോഗിയോട് ആവശ്യപ്പെട്ടു.

കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിൻ്റെ റിപ്പോർട്ടിലാണ് ഗംഗാനദിയിൽ പലയിടത്തും കോളിഫോം ബാക്‌ടീരിയയുടെ അളവ് ഉയർന്ന തോതിലാണെന്ന കണ്ടെത്തലുള്ളത്. ഈ റിപ്പോർട്ടിനെതിരെയാണ് യോഗി രംഗത്തെത്തിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിച്ച റിപ്പോർട്ടാണ് ഇത്. അതേസമയം ഈ റിപ്പോർട്ടിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ രംഗത്തെത്തിയിരുന്നു. യുപിപിസിബി നൽകിയത് പഴയ റിസൾട്ടാണെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചു. തങ്ങളുടെ സമയം കളയാനാണോ ഇത്രയും വലിയൊരു രേഖ സമർപ്പിച്ചതെന്നും ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ വിമർശിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പറഞ്ഞു.