കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് പരീക്ഷ എവുതാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ച രണ്ട് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാതെ മടങ്ങിയത്.
ഉഡുപ്പി പിയു കോളജിലാണ് സംഭവം. 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതാനായാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഹിജാബ് ധരിച്ചെത്തിയ ആലിയ അസ്സാദി, രേഷം എന്നിവരെ ഇന്‍വിജിലേറ്റര്‍മാര്‍ കടത്തി വിട്ടില്ല. തുടര്‍ന്ന് 45 മിനിറ്റോളം അധികൃതരേയും പ്രിന്‍സിപ്പാളിനോടും അവര്‍ പരീക്ഷയ്ക്ക് കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം ശരിവച്ച കോടതി ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിക്കുകയായിരുന്നു. ഇതോടെ പരീക്ഷയെഴുതാതെ അവര്‍ നിശ്ശബ്ദരായി ഇറങ്ങിപ്പോയി.
വെള്ളിയാഴ്ച ആരംഭിച്ച പരീക്ഷ മെയ് 18 വരെ നീണ്ടുനില്‍ക്കും. സംസ്ഥാനത്തെ 1,076 കേന്ദ്രങ്ങളിലായാണ് പരീക്ഷകള്‍ നടക്കുക. ഹിജാബ് വിവാദം നിലനില്‍ക്കുന്നതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിച്ച് കനത്ത സുരക്ഷയിലാണ് പരീക്ഷകള്‍ നടത്തുന്നത്. ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഇനിയും അവസരമുണ്ടെന്ന് സംസ്ഥാനത്തെ ഹിജാബ് നിരോധനത്തിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള 17 കാരിയായ ആലിയ അസ്സാദി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയോട് ആവശ്യപ്പെട്ടിരുന്നു.
‘ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാന്‍ അനുവദിക്കാന്‍ നിങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയാണ്,’ എന്നാണ് ആലിയ ട്വീറ്റ് ചെയ്തത്.
Read more
കഴിഞ്ഞ മാസം ഉഡുപ്പിയില്‍ നിന്നുള്ള 40-ലധികം മുസ്ലിം പെണ്‍കുട്ടികള്‍ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് പ്രീ-യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നു.