IPL 2025: എന്റെ പൊന്ന് ധോണി, ആരാധകർ നിങ്ങളോട് ആവശ്യപ്പെടുന്നത് ആ രണ്ട് കാര്യങ്ങളാണ്, അത് മറക്കരുത്: ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിയോട് ചെന്നൈ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്തായാലും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 50 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെ ചെന്നൈ ആരാധകർ അസ്വസ്ഥരാണ്. പ്രത്യേകിച്ച് ധോണിയുടെ കാര്യത്തിൽ. 197 റൺസ് പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് കളിയുടെ ഒരു പോയിന്റിൽ പോലും ആധിപത്യം സ്ഥാപിക്കാൻ ടീമിന് ആയില്ല എന്ന് പറയാം.

13-ാം ഓവറിൽ ശിവം ദുബെ പുറത്തായതോടെ അവിടെ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നിരുന്നാലും, രവീന്ദ്ര ജഡേജയ്‌ക്കൊപ്പം മധ്യനിരയിൽ ബാറ്റ് ചെയ്യാൻ എത്തിയത് ആർ. അശ്വിനായിരുന്നു. 16-ാം ഓവറിൽ അശ്വിൻ പുറത്താകുമ്പോഴേക്കും മത്സരം സി.എസ്.കെയുടെ കൈകളിൽ നിന്ന് ഏറെക്കുറെ വഴുതി പോയിരുന്നു. ധോണി ആകട്ടെ 16 പന്തിൽ നിന്ന് 30 റൺസുമായി പുറത്താകാതെ നിന്നുകൊണ്ട് ആരാധകരിൽ കുറെ പേരെ ഹാപ്പി ആക്കിയെങ്കിലും അതുകൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടായില്ല. ധോണി ഇത്രയും വൈകി ബാറ്റ് ചെയ്യാൻ ഇറങ്ങിയതിൽ ആരാധകർ ആരും തന്നെ ഹാപ്പിയല്ല.

ബാറ്റിംഗിൽ ധോണി ഇറങ്ങിയത് 9 ആം നമ്പറിലാണ്. അതിനാൽ തന്നെ അതിൽ വൻ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ധോണി നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ടീം വിജയിച്ചേനെ എന്നാണ് ആരാധകരുടെ വിലയിരുത്തൽ. എം എസ് ധോണിയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” രാഹുൽ തൃപാതി, ദീപക് ഹൂഡ, സാം കറൻ എന്നിവർ റൺസുകൾ സ്കോർ ചെയ്യുന്നില്ല. ശിവം ദുബൈ ആകട്ടെ കുറച്ച് നിന്നെങ്കിലും റൺസ് നേടാൻ സാധിച്ചില്ല. ഇത്തരം ബാറ്റിംഗ് കൊണ്ട് നിങ്ങൾക്ക് വിജയിക്കാൻ സാധിക്കില്ല. മാത്രമല്ല ഋതുരാജ് ഗയ്‌ക്ക്‌വാദ് ആകട്ടെ ഓപ്പണിങ്ങിലും ഇറങ്ങിയില്ല, കാരണം അവർക്കു രാഹുൽ ത്രിപാതിയെ ഓപണിംഗിൽ കളിപ്പിക്കണമായിരുന്നു. കൂടാതെ ധോണി ആണെങ്കിൽ നേരത്തെ ബാറ്റിഗിന് ഇറങ്ങിയതുമില്ല. അവർ ആദ്യം മനസിലാക്കേണ്ടത് ചെന്നൈ ആരാധകരുടെ ആവശ്യം എന്നത് ധോണി സിക്സ് അടിക്കുന്നതും, പിന്നെ ചെന്നൈ ടീം വിജയിക്കുന്നതുമാണ്” ആകാശ് ചോപ്ര പറഞ്ഞു.